കേരളത്തില് നിന്നുള്ള ആഡംബര ബസുകളില് നിന്നാണ് തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള് അന്യായമായി നികുതി ചുമത്തുന്നത്.

കൊച്ചി: കേരളത്തില് നിന്ന് കര്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും സര്വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള് സര്വീസ് നിര്ത്തിവയ്ക്കുന്നു. ഈ സംസ്ഥാനങ്ങളില് ഈടാക്കുന്ന അമിതവും അന്യായവുമായി നികുതി ചൂണ്ടിക്കാട്ടിയാണ് അന്തര് സംസ്ഥാന സ്വകാര്യ ബസ് സര്വീസുകള് ഓട്ടം നിര്ത്താന് തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല് കേരളത്തില് നിന്നുള്ള ബസുകള് ഒന്നും ഈ രണ്ട് സംസ്ഥാനങ്ങളിലേക്ക് സര്വീസ് നടത്തില്ലെന്നാണ് ബസ് ഉടമകള് അറിയിച്ചിരിക്കുന്നത്.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില് ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തില് നിന്നുള്ള ആഡംബര ബസുകളില് നിന്നാണ് തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള് അന്യായമായി നികുതി ചുമത്തുന്നത്.
പെര്മിറ്റ് ചട്ടങ്ങള് ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള് പിടിച്ചെടുത്ത് കേരളം വന്തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന് കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി മുതല് നിര്ത്തിവെച്ചിരിക്കുകയാണ്. എന്നാല്, പെര്മിറ്റ് ലംഘനം നടത്തുന്ന ബസുകള്ക്കെതിരേ നടപടി തുടരുമെന്നും കനത്ത പിഴ ഈടാക്കുമെന്നുമാണ് കേരളത്തിലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്നിന്നുള്ള 30-ഓളം ഓംനി ബസുകള് കേരളത്തിലെ വിവിധ ജില്ലകളില്വെച്ച് പിടിച്ചെടുത്ത് കേരള ഗതാഗത വകുപ്പ് അധികൃതര് 70 ലക്ഷം രൂപയിലേറെ പിഴ ചുമത്തിയതായാണ് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന് പറയുന്നത്. ഇതില് പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള 150-ഓളം ബസുകള് വെള്ളിയാഴ്ച രാത്രിതന്നെ ഓട്ടം നിര്ത്തുകയായിരുന്നു. ശനിയാഴ്ചയും ബസുകള് സര്വീസ് നടത്തിയില്ല. ശബരിമല തീര്ഥാടകരും വാരാന്ത്യ അവധിക്ക് നാട്ടില് പോകാന് ടിക്കറ്റെടുത്തവരും ഉള്പ്പെടെയുള്ള യാത്രക്കാരാണ് ഇതോടെ വലഞ്ഞത്.
ബസുകള്ക്ക് ഓള് ഇന്ത്യ പെര്മിറ്റ് ഉണ്ടെങ്കില്പ്പോലും സര്വീസ് നടത്തുന്ന സംസ്ഥാനങ്ങളില് അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. സീറ്റിന്റെ എണ്ണമനുസരിച്ച് ഒരു ബസ് ഒരു ലക്ഷം രൂപ മുതല് രണ്ടു ലക്ഷം രൂപ വരെ കേരളത്തിന് പാദവാര്ഷിക നികുതി അടയ്ക്കണം. എന്നാല്, നികുതി നല്കാതെയാണ് മറ്റു സംസ്ഥാനങ്ങളില്നിന്നുള്ള ബസുകള് മിക്കതും കേരളത്തിലേക്ക് സര്വീസ് നടത്തുന്നതെന്നാണ് മോട്ടോര് വാഹന വകുപ്പ് കണ്ടെത്തിയത്.
അമിതവേഗം, എയര് ഹോണുകളുടെ ഉപയോഗം, നമ്പര് പ്ലേറ്റുകളിലെയും രേഖകളിലെയും ക്രമക്കേട് തുടങ്ങി നിയമലംഘനങ്ങള് വേറെയുമുണ്ട്. ഇവ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച നടത്തിയ പരിശോധനകളിലാണ് തമിഴ്നാട്ടില് നിന്നുള്ള ബസുകള് പിടിച്ചെടുത്തത്. കേന്ദ്രനിര്ദേശമനുസരിച്ച് അതിര്ത്തിയിലെ ചെക് പോസ്റ്റുകള് നിര്ത്തിയതിനെത്തുടര്ന്ന് വാഹന പരിശോധന നടക്കുന്നില്ലായിരുന്നു. ഇതിന്റെ മറവില് നിയമലംഘനം പെരുകുകയും ദീര്ഘദൂര ബസ്സുകള് അപകടങ്ങളില്പ്പെടുന്നത് പതിവാകുകയും ചെയ്തപ്പോഴാണ് വെള്ളിയാഴ്ച സ്ക്വാഡുകള് ഇറങ്ങി വാഹനപരിശോധന നടത്തിയത്.
Content Highlights: Private tourist buses from Kerala stop services to Tamil Nadu & Karnataka citing unfair, excessive taxes. Travelers affected. Bus owners demand government intervention.
Published: 09 Nov 2025, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented