തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ജീവനക്കാരുടെ അക്കൗണ്ടുകളില്‍ 31-ന് തന്നെ ശമ്പളം എത്തിയെന്നും ഫെസ്റ്റിവല്‍ അലവന്‍സും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

To advertise here,

'പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ (ആഗസ്റ്റ് 31-ന്) ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്‍കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍  ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം. ആഘോഷിക്കൂ കെഎസ്ആര്‍ടിസിക്കൊപ്പം' -ഇതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഓണത്തിന് ഉത്സവബത്തയായി 3000 രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉത്സവബത്ത 2750 രൂപയായിരുന്നു. ഇത്തവണ 250 രൂപ വര്‍ധിപ്പിച്ചാണ് 3000 രൂപ നല്‍കുന്നത്.