വൈക്കം: മഴക്കാലമാണ്. റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ജലപാളി പ്രവർത്തനം അഥവാ ഹൈഡ്രോ പ്ലെയ്‌നിങ് പ്രതിഭാസത്തിലൂടെ അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്.
എന്താണ് ഹൈഡ്രോപ്ലെയ്നിങ്
വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്ഷൻമൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ വെള്ളം ടയറിന്റെ ത്രഡിന്റെ സഹായത്തോടെ ചാലുകളിൽകൂടി പമ്പ്ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തുകയാണ് ചെയ്യുന്നത്.
എന്നാൽ ടയറിന്റെ വേഗം കൂടുന്തോറും പമ്പ്ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് കൂടുതൽ മർദത്തിൽ കയറും. ഇതേ തുടർന്ന് ടയർ റോഡിൽനിന്ന് ഉയരും. ഇതോടെ ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതാണ് ഹൈഡ്രോ പ്ലെയ്‌നിങ് എന്ന് പറയുന്നത്.
ഹൈഡ്രോപ്ലെയ്‌നിങ് ഉണ്ടായാൽ
റോഡും ടയറുമായുള്ള ബന്ധം വേർപെടുന്നതോടെ ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്‌സിലറേറ്ററിന്റെയും പ്രവർത്തനം നഷ്ടപ്പെടും. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്ക് നഷ്ടമാകും. വാഹനം തെന്നിനിങ്ങി തലകീഴായി മറിയാനും ചരിയാനും സാധ്യതയേറെയാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്‌സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കണം. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കണം.
ഹൈഡ്രോപ്ലെയ്‌നിങ്ങിനെ ബാധിക്കുന്ന ഘടകങ്ങൾ
വേഗം:- വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ വാഹനത്തിന്റെ വേഗം കുറയ്ക്കണം. മഴയുള്ളപ്പോൾ പരമാവധി വേഗംകുറച്ച് പോകണം ത്രെഡ് ഡിസൈൻ:- ടയറിലെ ത്രെഡ് ഡിസൈൻ ഹൈഡ്രോപ്ലെയ്‌നിങ്ങിനെ ഒഴിവാക്കാൻ സഹായിക്കും. ത്രഡ് കുറവുള്ള ടയറുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണം. എയർ പ്രഷർ:- ടയറുകളുടെ എയർപ്രഷർ നിശ്ചിത അളവിലാണെന്ന് പരിശോധിക്കണം. വാഹനത്തിന്റെ തൂക്കം:- തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയ്‌നിങ് കുറയ്ക്കാൻ സഹായിക്കും.
വിവരങ്ങൾക്ക് കടപ്പാട്: മോട്ടോർവാഹനവകുപ്പ്, വൈക്കം
Content Highlights: Hydroplaning can cause road accidents
Published: 12 Jun 2025, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented