വാഹന ലോകം ഉറ്റുനോക്കിയ ഹോണ്ട- നിസാൻ ലയന ശ്രമങ്ങൾക്ക് വിരാമം. ലയന ചർച്ചകൾ ഉപേക്ഷിച്ചയായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ഇരു കമ്പനികളും ഒന്നിക്കാനായി കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പുവെച്ച ധാരണപത്രത്തിൽ പിന്മാറുന്നതായി ഹോണ്ടയും നിസാനും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില് പുതിയൊരു കമ്പനി ആരംഭിക്കാനുള്ള ചർച്ചകളായിരുന്നു ആദ്യഘട്ടത്തിൽ നടന്നിരുന്നത്. എന്നാൽ, നിസാനെ ഉപ കമ്പനിയാക്കാനുള്ള ഹോണ്ടയുടെ നിർദേശവും വലിയ അഭിപ്രായ വ്യത്യാസങ്ങളുമാണ് കൈകോർക്കലിന് തിരിച്ചടിയായത് എന്നാണ് റിപ്പോർട്ട്. അതേസമയം, ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിസാനും ഹോണ്ടയും തുടരും.

മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിത്സുബിഷിയും ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം പങ്കാളിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാൽ ലയനത്തിന് മിസ്തുബിഷിയ്ക്കും ഇപ്പോൾ താൽപര്യമില്ലെന്നാണ് വിവരം. നിലവിൽ ഫ്രഞ്ച് കമ്പനിയായ റോനോ, മിത്സുബിഷി എന്നീ കമ്പനികളുമായി ആഗോളതലത്തിൽ നിസാൻ സംഖ്യത്തിലാണ്. നിസാനിൽ 36 ശതമാനം ഓഹരി നിക്ഷേപം റെനോയ്ക്കുണ്ട്. എന്നാൽ ഐഫോൺ നിർമാണ കരാർ കമ്പനിയായ ഫോക്സ്കോണുമായി ഈ നിക്ഷേപം വിൽക്കാനുള്ള ചർച്ചകൾ റെനോ ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഇ.വി. വിപണിയില്‍ വെല്ലുവിളി ഉയർന്നതോടെയായിരുന്നു ഹോണ്ടയും നിസ്സാനും ഒന്നിക്കാനുള്ള പുതിയ നീക്കങ്ങളിലേക്ക് കടന്നത്. അമേരിക്കൻ ഭീമനായ ടെസ്ലയ്ക്കും മറ്റ് ചൈനീസ് കമ്പനികൾക്കും ഒപ്പമെത്തുകയായിരുന്നു ലക്ഷ്യം. ഇ.വി.കളുടെ കടന്നുവരവോടെ യൂറോപ്പിലും യു.എസിലും ഇരുകമ്പനികള്‍ക്കും കടുത്ത മത്സരം നേരിടേണ്ടിവന്നിരുന്നു. വിപണിയിലും പിന്നോട്ടുപോയി. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വന്‍ ഇടിവുണ്ടായി. ഇതും പുതിയനീക്കത്തിന് കാരണമായിരുന്നു.
ടൊയോട്ട കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളാണ് ഹോണ്ട. നിസ്സാന്‍ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. ലയനം പൂർത്തിയായാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമ്മാതാക്കളായി ഹോണ്ട - നിസാൻ മാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ലയന ചർച്ചകൾ അലസിയതോടെ ഇതിനെല്ലാം അന്ത്യമായി എന്നു പറയാം.
Content Highlights: end Honda and Nissan merger talks
Published: 13 Feb 2025, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented