മുക്കിന് മുക്കിന് എ.ഐ. ക്യാമറയും വളവുകളില്‍പ്പോലും തമ്പടിച്ച് പോലീസ്-മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ വാഹനപരിശോധനയും നടക്കുന്ന കാലത്തും കുട്ടിഡ്രൈവര്‍മാരുടെ നിരത്തിലെ അഭ്യാസത്തിന് കുറവില്ല. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, ചാത്തമംഗലം തുടങ്ങിയ മലയോരമേഖലയിലെ മിക്ക സ്‌കൂളുകളിലും കലാലയങ്ങളിലും ലൈസന്‍സില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ഥികളേറെ.

To advertise here,

എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ സ്‌കൂള്‍ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളില്‍ ചീറിപ്പായുന്നത് മേഖലയില്‍ പതിവുകാഴ്ച. ബൈക്കുകളും സ്‌കൂട്ടറുകളുമാണ് കുട്ടികള്‍ക്ക് ഏറെ പ്രിയം. മൂന്നുംനാലുംപേരെ കയറ്റി ഹെല്‍മറ്റില്ലാതെ അതിവേഗത്തില്‍ കുതിക്കുന്ന ഇവര്‍ മറ്റു യാത്രികര്‍ക്കും ഭീഷണിയാണ്. കലാലയവിദ്യാര്‍ഥികള്‍ക്കിടയിലും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ കുറവില്ല. രക്ഷിതാക്കള്‍ അറിഞ്ഞും അറിയാതെയുമെല്ലാമാണ് കുട്ടികളുടെ ഈ നിയമലംഘനം.

ശബ്ദമലിനീകരണമുണ്ടാക്കുന്ന സൈലന്‍സറും ഹോണും ഘടിപ്പിച്ച് രണ്ടില്‍ക്കൂടുതല്‍ പേരെയും കയറ്റി ബൈക്കില്‍ പറക്കാനാണ് 'ന്യൂജന്‍' പിള്ളേരില്‍ നല്ലൊരു വിഭാഗത്തിനും പ്രിയം. വിലകൂടിയ സൂപ്പര്‍ ബൈക്കുകളിലാണ് ചിലരുടെ കുതിപ്പ്. ഹെല്‍മെറ്റ് ധരിക്കുന്നത് ഇവര്‍ക്ക് അലര്‍ജിയാണ്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരും കുറവല്ല. മരണത്തിലേക്ക് നീളുന്ന ഇത്തരം അപകടയാത്രകള്‍ തടയാന്‍ രക്ഷിതാക്കളോ, നിയമപാലകരോ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഒട്ടേറെ ജീവന്‍ പൊലിഞ്ഞിട്ടും സാരമായി പരിക്കേറ്റ അപകടങ്ങളുണ്ടായിട്ടും ആരും പാഠം പഠിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച വാഹനം ഇടിച്ച് കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങളില്‍, രക്ഷിതാക്കള്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കിയാണ് പലപ്പോഴും നിയമക്കുരുക്കില്‍നിന്ന് തലയൂരാറുള്ളത്. വിദ്യാര്‍ഥികളുടെ നിയമംലംഘിച്ചുള്ള വാഹനമോടിക്കല്‍ തടയിടാന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും വിചാരിച്ചാല്‍ കഴിയാവുന്നതേയൂള്ളുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്, സ്‌കൂള്‍പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി നിയമലംഘനത്തിന് തക്കതായ ശിക്ഷയും രക്ഷിതാക്കള്‍ക്ക് ബോധവത്കരണവും നല്‍കണമെന്നാണ് ഇവരുടെ പക്ഷം.

നടപടിയെടുക്കും

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകും. സ്‌കൂള്‍ പരിസത്ത് വാഹനപരിശോധന നടത്താനും നിരീക്ഷണക്യാമറ സംവിധാനം ഒരുക്കാനുമുള്ള തീരുമാനം ഉടന്‍ നടപ്പാക്കും.

സി.കെ. അജില്‍കുമാര്‍, കൊടുവള്ളി ജോയന്റ് ആര്‍.ടി.ഒ. ഇന്‍ ചാര്‍ജ്

രക്ഷിതാക്കള്‍ ജാഗ്രതപുലര്‍ത്തണം

കൗമാരക്കാരായ വിദ്യാര്‍ഥികള്‍ വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുക്കുന്ന ആര്‍.സി. ഓണര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

കെ. പ്രജീഷ്, കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍