കോഴിക്കോട്: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ തട്ടിപ്പുതടയാന്‍ പരിവാഹന്‍ സൈറ്റില്‍ രാജ്യമൊട്ടാകെ നടപ്പാക്കിയ 'ക്യാപ്ച' പരിഷ്‌കാരം അപേക്ഷകര്‍ക്ക് പുലിവാലായിമാറുന്നു. ഒരോ മൂന്നുചോദ്യങ്ങള്‍ക്കുശേഷം 'ക്യാപ്ച' ടൈപ്പുചെയ്തുകൊടുക്കണമെന്നാണ് പുതിയപരിഷ്‌കാരം. 30 സെക്കന്‍ഡിനുള്ളില്‍ ചോദ്യംവായിക്കുകയും ഉത്തരം തിരഞ്ഞെടുക്കുകയും വേണം. 

To advertise here,

ക്യാപ്ച ചേര്‍ക്കുന്നതിനായി 15 സെക്കന്‍ഡ് അധികസമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, കൃത്യമായ കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ ടെസ്റ്റിനായിവരുമ്പോള്‍ അവര്‍ക്കിത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പലരും ടെസ്റ്റിന് ഹാജരാവാതെ മടങ്ങിപ്പോകുന്നുമുണ്ട്. 20 ചോദ്യങ്ങളാണ് ലേണേഴ്സ് ടെസ്റ്റിനായി ഉണ്ടാകുക. ഓരോചോദ്യത്തിന് 30 സെക്കന്‍ഡാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഉത്തരേന്ത്യയില്‍ ഏജന്റുമാര്‍ ഇടപെട്ട് ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നല്‍കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പുതടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) ടെസ്റ്റിനിടയില്‍ ഇടവിട്ട് ക്യാപ്ച കൊണ്ടുവന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് എന്‍ഐസി പുതിയ ക്യാപ്ച പരിഷ്‌കാരം വരുന്നതായി സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെ നോഡല്‍ ഓഫീസറെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്സ് ടെസ്റ്റിന് ചോദ്യങ്ങളുടെ എണ്ണം 30 ആയി ഉയര്‍ത്തുകയാണ്. അങ്ങനെവരുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

സ്‌ക്രീനില്‍ തെളിയുന്ന ക്യാപ്ച വ്യക്തമാകാത്തസ്ഥിതിയുമുണ്ട്. തട്ടിപ്പുനടക്കുന്നത് തടയുന്നതിനുപകരം അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ടെസ്റ്റിനിടിയില്‍ ഇടയ്ക്കിടെ ക്യാപ്ചവരുന്നതിനുപകരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മറ്റും ആക്കിമാറ്റിയാല്‍ ബുദ്ധിമുട്ടുകുറയുമെന്നാണ് അപേക്ഷകര്‍ പറയുന്നത്.