ആയുസ്സ് തീര്‍ന്ന വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇന്ധനം നിഷേധിക്കല്‍. ഇന്ന് മുതല്‍ (ജൂലായ് 1) കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്നാണ് സര്‍ക്കാര്‍ കര്‍ശനമായി പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.
15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി (എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍) കണക്കാക്കുന്നത്. ഈ തീരുമാനം ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്. ഇതിനുപുറമെ, ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍സംസ്ഥാനങ്ങളായ ഹരിയാനയില്‍ കാലാവധി അവസാനിച്ച 27.5 ലക്ഷം വാഹനങ്ങളും ഉത്തര്‍പ്രദേശില്‍ 12.69 ലക്ഷം വാഹനങ്ങളും രാജസ്ഥാനില്‍ 6.2 ലക്ഷം വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്.
പഴയ വാഹനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പോലീസ്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ഡല്‍ഹിയിലെ 500-ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനായി നിയോഗിച്ചിട്ടുണ്ട്. 50 പമ്പുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളില്‍ ട്രാഫിക് പോലീസിനെയും വാഹനം പിടിച്ചെടുക്കാന്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ (എഎന്‍പിആര്‍) സ്ഥാപിച്ചിട്ടുണ്ട്. വാഹന്‍ സോഫ്റ്റ്വെയറിലെ ഡാറ്റാബേസുമായി ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ ഈ ക്യാമറയുടെ സഹായത്തോടെ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും കാലപ്പഴക്കം ചെന്ന വാഹനമാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പമ്പുകളില്‍ ക്രമസമാധന പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കാനും പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാന മേഖലയില്‍ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി, സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കാന്‍ ഹരിയാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത് തുടങ്ങിയ പ്രദേശങ്ങളിലാണ് പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന നിര്‍ദേശം നടപ്പാക്കുന്നത്.
പഴയ വാഹനങ്ങള്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഈ പറഞ്ഞ നഗരങ്ങളിലെ പമ്പുകളില്‍ ഒക്ടോബര്‍ 31-ന് മുമ്പായി ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ (എഎന്‍പിആര്‍) സ്ഥാപിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിര്‍ദേശം നടപ്പാക്കുന്ന പമ്പുകളില്‍ 2026 മാര്‍ച്ച് 31-ന് മുമ്പായി എഎന്‍പിആര്‍ ക്യാമറകള്‍ ഘടിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ കണ്ടെത്തി പിഴ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുന്നുണ്ട്.
ഡല്‍ഹി നഗരത്തിലെ വായു മലിനീകരണ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കം. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയിലൂടെയുള്ള മലിനീകരണം ഒരുപരിധി വരെ കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് 2018-ലാണ് ഡല്‍ഹിയില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം സുപ്രീംകോടതി വിലക്കിയത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് പോലും കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്.
Content Highlights: Delhi bans fuel for old petrol & diesel vehicles (15+ & 10+ years). Haryana follows suit.
Published: 01 Jul 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented