വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡൽഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന കർശന നിർദേശം പമ്പുടമകള്‍ക്ക് സർക്കാർ നല്‍കിയിട്ടുമുണ്ട്. ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തല്‍ നേരത്തേ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

To advertise here,

ഒരു ഡൽഹി സ്വദേശി തന്റെ എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ ചെറിയ വിലയ്ക്കാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. വാഹനത്തിന്റെ ഉടമയായ റിതേഷ് ഗന്ധോത്ര എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 74,000 കിലോമീറ്റർ മാത്രമാണ് കാർ ഓടിയിട്ടുള്ളതെന്ന് ഓഡോമീറ്ററിൽ വ്യക്തമാകുമെന്നും കോവിഡ്-19 മഹാമാരിയുടെ സമയത്ത് രണ്ട് വർഷം പാർക്കിങ് സ്ഥലത്ത് വാഹനം കിടന്നുവെന്നും അദ്ദേഹം പറയുന്നു.  

വാഹനം താൻ ശ്രദ്ധയോടെ പരിപാലിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇങ്ങനെ എഴുതി- 'എന്റെ കാറിന് എട്ട് വർഷം പഴക്കമുണ്ട്. ഈ ഡീസൽ വാഹനത്തെ സൂക്ഷ്മമായി പരിപാലിച്ചു. ഓഡോ മീറ്ററിൽ 74,000 കിലോമീറ്റർ മാത്രമാണുള്ളത്. കോവിഡ് സമയത്ത് വാഹനം രണ്ട് വർഷം നിർത്തിയിട്ടിരിക്കുകയായിരുന്നു. രണ്ട് ലക്ഷം കിലോമീറ്ററിലധികം ഓടാനുള്ള ശേഷി ഇതിനുണ്ട്'.

ഡൽഹി-എൻസിആറിന് (നാഷണൽ ക്യാപിറ്റൽ റീജിയൺ) പുറത്ത് താമസിക്കുന്നവർക്ക് വളരെ കുറഞ്ഞ വിലയ്ക്ക് തന്റെ കാർ വിൽക്കാൻ നിർബന്ധിതനാകുകയാണെന്നും ഗന്ധോത്ര പറഞ്ഞു. പെട്ടെന്ന് ഒരു പുതിയ കാർ വാങ്ങുന്നത് ഒരാളുടെ സാമ്പത്തിക സ്ഥിതി  തകർക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സമാനമായ മറ്റൊരു സംഭവത്തിൽ, ഡൽഹി നിവാസിയായ വരുൺ വിജയിക്ക് 2015-ൽ വാങ്ങിയ തന്റെ മെഴ്‌സിഡീസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നു. 2015-ൽ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഈ ആഡംബര എസ്‌യുവി 2.5 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 1.35 ലക്ഷം കിലോമീറ്റർ മാത്രമായിരുന്നു വാഹനം ഓടിയത്. 

കഴിഞ്ഞ 10 വർഷമായി ആ കാർ തന്റെ കുടുംബ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഓരോ വാരാന്ത്യവും ഞങ്ങൾ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ വാഹനം ഓടിക്കാറുണ്ടായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല.

ഭാവിയിൽ സമാനമായ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ 62 ലക്ഷം രൂപയ്ക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാനിപ്പോൾ ഒരു ഇവി വാങ്ങിയിട്ടുണ്ട്. ഇതിന് 62 ലക്ഷം രൂപയായി. പുതിയ സർക്കാർ നിയമങ്ങളൊന്നും വീണ്ടും അവതരിപ്പിച്ചില്ലെങ്കിൽ ഇത് 20 വർഷത്തേക്ക് ഉപയോഗിക്കാനാണ്  ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.