റീൽസ് ചിത്രീകരണത്തിനും മറ്റുമായി വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ ഇപ്പോൾ നിത്യസംഭവമാണ്. റീൽസുകളായി സോഷ്യൽ മീഡിയയോൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് പുറമെ, ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളും നമ്മൾ കാണാറുണ്ട്. ഇത്തരത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ നിരത്തുകളിൽ രണ്ടുപേർ ബൈക്കുമായി നടത്തിയ അഭ്യാസമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

To advertise here,

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഡ്രൈവർ സീറ്റിൽ ഏഴുന്നേറ്റ് നിൽക്കുന്നതും റോഡിൽ വളഞ്ഞ് പുളഞ്ഞ് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. ബൈക്കിന്റെ പിന്നിൽ ഒരു യാത്രക്കാരനുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ അഭ്യാസത്തിന്റെ വീഡിയോ റോഡിലൂടെ പോകുന്ന മറ്റൊരു യാത്രക്കാരനാണ് പകർത്തിയിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു പോലീസ് വാഹനം ഈ അഭ്യാസികൾക്ക് സമീപത്ത് കൂടി പോകുന്നുണ്ടെന്നതാണ് ഇതിലെ കൗതുകം.

ഡൽഹിയിലെ തീസ് ഹസാരി സുഭാഷ് പാർക്ക് ഭാഗത്തെ റോഡിലാണ് ഈ അഭ്യാസം അരങ്ങേറിയിരിക്കുന്നത്. അത്യാവശ്യം തിരക്കുള്ള റോഡാണിത്. രണ്ട് ബൈക്കുകളിലായി എത്തിയ യുവാക്കളാണ് പോലീസിന്റെ സാന്നിധ്യത്തിൽ നിരത്തിൽ അഭ്യാസം കാണിച്ചിരിക്കുന്നത്. മുന്നിൽ പോകുന്ന ബൈക്കിന്റെ ഡ്രൈവർ സീറ്റിന് മുകളിൽ കയറി നിന്ന് കൈ രണ്ടും വിട്ടാണ് വാഹനമോടിക്കുന്നത്. പിന്നാലെ എത്തിയ ബൈക്ക് പോലീസ് വാഹനത്തോട് ചേർത്ത് എടുത്ത് പോകുന്നതും കാണാം.

ഡൽഹി പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗതാഗതനിയമം ലംഘിക്കുന്ന തരത്തിലുള്ള ബൈക്ക് യാത്രക്കാരുടെ വീഡിയോ ശ്രദ്ധയിൽപെടുകയും യാത്രക്കാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ചലാൻ പുറപ്പെടുവിക്കുന്നത് ഉൾപ്പെടെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസ് പ്രതിജ്ഞാബദ്ധരാണെന്നും നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.

നിയമപരമായ നിർദേശങ്ങൾ ലംഘിക്കുക, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇൻഷുറൻസ് ഇല്ലാത്ത വാഹനവുമായി നിരത്തിലിറങ്ങുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക, സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം ഉപയോഗിക്കുക തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ബൈക്കിന്റെ ആർസി റദ്ദാക്കുകയും ഡ്രൈവർമാരോട് റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.