പുതിയ നാല് ലക്ഷത്തോളം വാഹനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ എണ്ണം 1.09 കോടിയിലെത്തി.

Representational Image | Photo: AFP
ബെംഗളൂരു: ഗതാഗതത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരു നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യമേറുന്നു. കഴിഞ്ഞ ഏഴ് മാസത്തില്‍ മാത്രം പുതിയ നാല് ലക്ഷം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് വാഹന രജിസ്ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ നഗരത്തില്‍ ആകെ 3,03,201 ഇരുചക്ര വാഹനങ്ങളും 84,963 കാറുകളും രജിസ്റ്റര്‍ ചെയ്തു. പുതിയ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഈ കാലയളില്‍ 10 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഏപ്രിലില്‍ 36,888 ഇരുചക്ര വാഹനങ്ങളും 12,278 കാറുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ മേയില്‍ 39,086 ഇരുചക്രവാഹനങ്ങളും 11,225 കാറുകളും പുതിയതായി രജിസ്റ്റര്‍ ചെയ്ത് നിരത്തിലിറങ്ങി. ജൂണില്‍ 42,210, 11,184, ജൂലായില്‍ 40,569, 11,026 , ഓഗസറ്റില്‍ 45,595, 13,318 എന്നിങ്ങനെയാണ് പുതിയതായി രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എണ്ണം. സെപ്റ്റംബറില്‍ 38,990 ഇരുചക്രവാഹനങ്ങളും 9,997 കാറുകളുമാണ് നഗരത്തില്‍ രജിസ്റ്റര്‍ചെയ്തത്.
ദീപാവലി ഉത്സവകാലമായിരുന്ന ഒക്ടോബറില്‍ പുതിയ 59,863 ഇരുചക്രവാഹനങ്ങളും 15,953 കാറുകളും നിരത്തിലിറങ്ങി. കഴിഞ്ഞ ഏഴ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റുപോയത് ഒക്ടോബറിലായിരുന്നു. പുതിയ നാല് ലക്ഷത്തോളം വാഹനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ എണ്ണം 1.09 കോടിയിലെത്തി. ബെംഗളൂരുവിലെ ജനസംഖ്യ ഒന്നര കോടിയിലെത്തിയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ നഗരത്തില്‍ ജനങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം 40 ലക്ഷമാണ്. ശരാശരി കണക്കാക്കുമ്പോള്‍ ഒരു കുടുബത്തിന് രണ്ടില്‍ കൂടുതല്‍ വാഹനമുണ്ട്.
സ്വകാര്യ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും മാത്രം കണക്കാണിത്. വാണിജ്യ, പൊതുഗതാഗത വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ജനസംഖ്യയെക്കാള്‍ കൂടുതലാണ് വാഹനങ്ങളുടെ എണ്ണം. നഗരത്തില്‍ ആകെ 1.9 കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 3.6 കോടി വാഹനങ്ങളുള്ളതില്‍ പകുതിയില്‍ അധികവും തലസ്ഥാനമായ ബെംഗളൂരുവിലാണ്. മെട്രോ അടക്കം പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് നഗരവാസികള്‍ പിന്നോട്ടു പോകുന്നില്ലെന്ന് ഈ കണക്കുകളില്‍നിന്ന് വ്യക്തം. ഇതിന് അനുസരിച്ച് ഗതാഗതപ്രശ്‌നങ്ങളും രൂക്ഷമാകുകയാണ്.
Content Highlights: Bengaluru faces rising traffic. Over 4 lakh new private vehicles registered in 7 months, pushing the total to 1.09 crore. Explore the impact on city congestion.
Published: 10 Dec 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented