അഗളി: എം.കെ. വർക്കിയെന്ന വർക്കിച്ചേട്ടൻ അട്ടപ്പാടിയിൽ ടാക്സിയോടിച്ച് തുടങ്ങുമ്പോൾ ഇന്നത്തെപ്പോലെ നല്ല റോഡുകളൊന്നുമില്ല. പാറക്കെട്ടുകളിലൂടെയും മൺപാതകളിലൂടെയും വണ്ടിയോടിച്ച അതേ സന്തോഷത്തോടെ 82-ാം വയസ്സിലും അട്ടപ്പാടി ഗൂളിക്കടവ് സ്റ്റാൻഡിൽ ടാക്സി ഓടിക്കയാണ് വർക്കിച്ചേട്ടൻ. ഡ്രൈവിങ് ഒരു ജോലിമാത്രമല്ല, സേവനവും സന്തോഷവുമാണെന്നും ഒരിക്കലും മടുപ്പ് തോന്നില്ലെന്നും അട്ടപ്പാടി പാറവളവ് സ്വദേശി വർക്കി പറയുന്നു.
63 വർഷംമുമ്പ്, 1967 ഫെബ്രുവരി 10-ന്, 18-ാം വയസ്സിലാണ് ലൈസൻസെടുത്തത്. 12,800 രൂപ കൊടുത്ത് വാങ്ങിയ അംബാസഡർ കാറിലായിരുന്നു ടാക്സി ഡ്രൈവറായി തുടക്കം. ഇപ്പോൾ ടാറ്റാ സുമോയാണ് ഓടിക്കുന്നത്.
വൈക്കം വല്ലകം മാധവശ്ശേരിവീട്ടിൽ കുര്യന്റെയും എലിസബത്തിന്റെയും മകനാണ്. 1977 മുതൽ കുറച്ചുകാലം മൂവാറ്റുപുഴയിൽ സ്വന്തം ബസിന്റെ ഡ്രൈവറായും പ്രവർത്തിച്ചു. ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഭാര്യ ഏലിയാമ്മയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് 1983-ൽ അട്ടപ്പാടിയിലെത്തിയത്. അഞ്ച് ജീപ്പായിരുന്നു അന്ന് ഗൂളിക്കടവ് ടാക്സിസ്റ്റാൻഡിൽ ഉണ്ടായിരുന്നത്. വർക്കിയും ജീപ്പ് വാങ്ങി ഓട്ടംതുടങ്ങി.
എന്നും രാവിലെ എട്ടുമണിക്ക് വീട്ടിൽനിന്ന് വണ്ടിയെടുക്കും. വൈകീട്ട് ആറിന് ഗൂളിക്കടവിൽനിന്ന് അവസാനട്രിപ്പ്. യാത്രക്കാർക്കൊക്കെ ഇത് അറിയാവുന്നതിനാൽ വഴിയിൽ കാത്തുനിൽക്കും. എന്നാൽ, ഏത് രാത്രിയിലും ആരുവിളിച്ചാലും പോകാൻ തയ്യാർ. നിയമങ്ങൾ അനുസരിക്കുക. അമിതാവേശമോ അമിതവേഗമോ പാടില്ല. ശ്രദ്ധിച്ചാൽ വലിയ ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടാം -വർക്കിയുടെ ഉറപ്പ്.
1970-ൽ വൈക്കത്തുനിന്ന് ഉദയനാപുരത്തേക്ക് കല്യാണയോട്ടത്തിനിടെ ഉണ്ടായ അനുഭവംതന്നെയാണ് ഇതിനുദാഹരണം. വാഹനങ്ങളൊന്നും കടന്നുവരാത്ത മൺറോഡിലൂടെയായിരുന്നു യാത്ര. വഴിയിൽ ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നത് കണ്ട് നിർത്തി. വിവാഹമുഹൂർത്തമായതിനാൽ പായയുടെ മുകളിലൂടെ പോകാൻ വണ്ടിയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. പിന്നാലെയുള്ള വണ്ടിക്കാരും നിർബന്ധിച്ചു. അത് വകവെക്കാതെ വണ്ടിനിർത്തി പായ എടുത്തപ്പോൾ അതിനുള്ളിൽ ആറുവയസ്സുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവർ ഒളിച്ചുകളിക്കയായിരുന്നു.
തന്റെ വാഹനത്തിൽ ആശുപത്രിയിലേക്കുപോയ 25-ഓളം പേർക്ക് വർക്കി രക്തം ദാനംചെയ്തിട്ടുണ്ട്. മദ്യപാനമോ പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഇല്ല. ഇതുവരെ കാര്യമായ അസുഖങ്ങളൊന്നും വന്നിട്ടില്ലാത്തതിനാൽ മരുന്നും കഴിക്കേണ്ടിവന്നിട്ടില്ല.
1995-ൽ വർക്കിയെ ആക്രമിച്ച് ജീപ്പ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായി. അങ്കമാലിക്കാരായ മൂന്ന് ചെറുപ്പക്കാർ ഗൂളിക്കടവിൽനിന്ന് മണ്ണാർക്കാട്ടേക്ക് ഓട്ടംവിളിച്ചു. ചുരത്തിലെത്തിയപ്പോൾ കഴുത്തിൽ തുണിചുറ്റി പുറകോട്ടുവലിച്ചു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ് ആഴ്ചകളോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടിലെത്തി ക്ഷമാപണംനടത്തിയ പ്രതികളോട് ക്ഷമിക്കാനും അവരെ കേസിൽനിന്ന് ഒഴിവാക്കാനും കഴിഞ്ഞെന്ന് വർക്കിച്ചേട്ടൻ പറയുന്നു. ഇതല്ലാതെ ഇതുവരെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
24 വർഷംമുമ്പ് ഭാര്യ മരിച്ചു. എം.വി. ബിജു (റിട്ട. പഞ്ചായത്ത് അസി. സെക്രട്ടറി), ബിജോയ് (ബിസിനസ്, ആലുവ) എന്നിവരാണ് മക്കൾ. എൽസമ്മ (ഹെഡ് നഴ്സ്, സ്റ്റേറ്റ് ഇ.എസ്.ഐ.), നിഷ (ഹെഡ് നഴ്സ്, കേന്ദ്ര ഇ.എസ്.ഐ.) എന്നിവർ മരുമക്കളും. മക്കൾ രണ്ടുപേരും മുമ്പ് ടാക്സിഡ്രൈവർമാരായിരുന്നു.
Content Highlights: Meet Varkey Chettan, an 82-year-old taxi driver still serving Attappadi with his Tata Sumo. Celebrate National Driver`s Day with his inspiring story of dedication and service.
Published: 24 Jan 2026, 02:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented