തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വേറിൽ വിട്ടുപോയ ഡ്രൈവിങ് ലൈസൻസുകൾ ഉൾക്കൊള്ളിക്കാൻ ഓഫീസുകളിൽ ക്രമീകരണം ഏർപ്പെടുത്തി. അപേക്ഷകളിൽ എത്രയുംവേഗം നടപടി പൂർത്തിയാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം നിർദേശം നൽകി.
സോഫ്റ്റ്‌വേർ മാറ്റംനടന്ന 2020-ൽ പുതുക്കിയ ഒന്നരലക്ഷത്തോളം ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈനിൽ എത്തിയിട്ടില്ലെന്ന വിവരം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ലൈസൻസ് ഉടമകളെ വലയ്ക്കരുത്. ഇത്തരം ലൈസൻസുകൾ ഓൺലൈനിലേക്ക് മാറ്റാൻ ഓഫീസുകളിൽ പ്രത്യേകം ജീവനക്കാരെ നിയോഗിക്കണം. ഇവർ സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കുന്നുവെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
2019-’20-ൽ ലൈസൻസ് പുതുക്കിയവരും പുതിയതായി എടുത്തവരും ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിന് ‘സാരഥി’ സോഫ്റ്റ്‌വേറിലെ ‘നോ യുവർ ലൈസൻസ് ഡീറ്റെയിൽസ്’ എന്ന ടാബ് ഉപയോഗിക്കാം. ഓൺലൈനിൽ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ലൈസൻസിന്റെ പകർപ്പ് സഹിതം അതത് ഓഫീസുകളിൽ അപേക്ഷിക്കണം. ലൈസൻസിന്റെ അസൽ ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം പഴയ സോഫ്റ്റ്‌വേറായ ‘സ്മാർട്ട് മൂവി’ൽനിന്നു വിവരങ്ങൾ ‘സാരഥി’യിലേക്ക് മാറ്റണം.
അപേക്ഷകരെ ഒന്നിലേറെ തവണ ഓഫീസിൽ വിളിച്ചുവരുത്തരുത്. ലൈസൻസ് ഡേറ്റ സാരഥിയിലേക്ക് മാറ്റുന്നത് മോട്ടോർവാഹവകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അസൽ ലൈസൻസിനുപുറമേ മറ്റൊന്നും ആവശ്യപ്പെടേണ്ടതില്ലെന്നും കമ്മിഷണർ നിർദേശം നൽകി.
Content Highlights: Arrangements to accommodate missing driving licenses Sarathi software
Published: 31 May 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented