ആലപ്പുഴ: ഒറ്റദിവസത്തെ വരുമാനത്തിൽ സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനമുണ്ടായപ്പോൾ ജില്ലയിലും സമാന നേട്ടം കൈവരിച്ചു. തിങ്കളാഴ്ചയാണ് മുൻകാല കളക്ഷനുകളെ മറികടന്നത്. 89.06 ലക്ഷമാണ് ലഭിച്ചത്. ഏഴു ഡിപ്പോകളുള്ള ജില്ലയിൽ ചെങ്ങന്നൂർ യൂണിറ്റാണ് മുന്നിൽ-32 ലക്ഷം രൂപ.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ബസുകളുടെ ക്രമീകരണമാണ് ചെങ്ങന്നൂരിനു നേട്ടമായത്. മണ്ഡലകാലത്ത് പമ്പ കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ചെങ്ങന്നൂർ ഡിപ്പോയ്ക്കാണ്. തിങ്കളാഴ്ചയായതിനാലും ക്രിസ്മസ് അവധികഴിഞ്ഞ് യാത്ര ചെയ്യേണ്ടി വന്നതും വരുമാനം വർധിപ്പിച്ചു. കുറെ ബസുകൾ പുതുതായി നിരത്തിലിറക്കുകയും ചെയ്തിരുന്നു.
യൂണിറ്റ്, വരുമാനം (ലക്ഷം) എന്നിവ ക്രമത്തിൽ
ചെങ്ങന്നൂർ 32
ആലപ്പുഴ 17.14
ചേർത്തല 11.90
കായംകുളം 9.55
ഹരിപ്പാട് 7.92
മാവേലിക്കര 5.98
എടത്വാ 4.57
ബജറ്റ് ടൂറിസത്തിനും വമ്പൻ നേട്ടം; ലക്ഷ്യത്തേക്കാൾ വളരെ മുന്നിൽ
തിങ്കളാഴ്ച ബജറ്റ് ടൂറിസം സെല്ലും (ബിടിസി) ജില്ലയിൽനിന്നു വമ്പൻ വരുമാനം നേടി. വിനോദ യാത്രകളും തീർത്ഥാടക യാത്രകളും നടത്തിയാണ് ഈ നേട്ടം. 4.72 ലക്ഷം രൂപയാണ് ബി.ടി.സി. ഒരുദിവസംകൊണ്ട് ജില്ലയിൽനിന്നു നേടിയത്. 22 ട്രിപ്പുകളാണ് തിങ്കളാഴ്ച നടത്തിയത്. ഇതിൽ 1322 േപർ യാത്ര ചെയ്തു. 2.95 ലക്ഷം രൂപയാണ് ജില്ലാ ബജറ്റ് ടൂറിസം സെല്ലിനു തിങ്കളാഴ്ച ടാർജറ്റായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നുമാത്രം 2.04 ലക്ഷം ലഭിച്ചു. ഇവിടെ 14 ട്രിപ്പുകളാണ് ബി.ടി.സി. നടത്തിയത്. 990 പേർ യാത്ര ചെയ്തു.
മാവേലിക്കര ഡിപ്പോ 1.34 ലക്ഷം രൂപ നേടി. കായംകുളം -90300, എടത്വാ -24000, ചേർത്തല -18620 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളുടെ വരുമാനം. ആറാം തീയതിയിയും 2.24 ലക്ഷം രൂപ ബി.ടി.സി. നേടി.
കഴിഞ്ഞ 29-നും മികച്ച വരുമാനം നേടാൻ ബി.ടി.സി.ക്കായിരുന്നു. 3.69 ലക്ഷം രൂപ ലഭിച്ചു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്. മികച്ചവരുമാനം കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിൽ പുതുവർഷത്തിൽ കുടുതൽ വിനോദസഞ്ചാര യാത്രകളും തീർത്ഥാട യാത്രകളും നടത്താനുള്ള ഊർജിത ശ്രമത്തിലാണെന്ന് ബജറ്റ് ടൂറിസം സെൽ ജില്ലാ കോഡിനേറ്റർ ഷെഫീക്ക് ഇബ്രാഹിം പറഞ്ഞു.
Content Highlights: alappuzha ksrtc collection
Published: 08 Jan 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented