ആലപ്പുഴ: തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളെത്തുടർന്ന് സ്തംഭിച്ച ഡ്രൈവിങ് ടെസ്റ്റുകൾ സാധാരണനിലയിലേക്ക്. കഴിഞ്ഞയാഴ്ച മുതൽ ടെസ്റ്റുകൾ പൂർവസ്ഥിതിയിലായി. മുടങ്ങിയ ടെസ്റ്റുകൾക്കായി ഒരു ബാച്ച് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിപ്പോയ ടെസ്റ്റുകൾ വരുംദിവസങ്ങളിൽ പൂർണമായി നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ടെസ്റ്റുകൾ സാധാരണനിലയിലായതോടെ അപേക്ഷകർ ആശ്വാസത്തിലാണ്. ഫിറ്റ്‌നസ് ടെസ്റ്റിനു വാഹനങ്ങൾ ഹാജരാക്കേണ്ടവരുടെയും ആശങ്കകൾക്ക് ഇതോടെ പരിഹാരമായി.

To advertise here,

തിരഞ്ഞെടുപ്പു ജോലിക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ നിയോഗിച്ചതോടെയാണ് ഡ്രൈവിങ്, ഫിറ്റ്‌നസ് ടെസ്റ്റുകൾ അവതാളത്തിലായത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പല ഓഫീസുകൾക്കു മുന്നിലും ഒരാഴ്ച ടെസ്റ്റുകൾ ഇല്ലെന്നുകാണിച്ച് നോട്ടീസുകൾ പതിപ്പിച്ചതോടെ അപേക്ഷകർ പരിഭ്രാന്തിയിലായി. അപേക്ഷിച്ച് മാസങ്ങളായി കാത്തിരുന്നു കിട്ടിയ ഡ്രൈവിങ് ടെസ്റ്റ് തീയതി അങ്ങനെ പലർക്കും നഷ്ടമായി. വലിയ പരാതിയാണ് ഇതിനെതിരെ ഉയർന്നത്.

പരാതിയെത്തുടർന്ന്, ചില കേന്ദ്രങ്ങളിൽ കുറച്ചു ടെസ്റ്റുകൾ നടത്തി. എന്നാലും ഒട്ടേറെപ്പേരുടെ അവസരം നഷ്ടമായി. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കുകയും ടെസ്റ്റ് പുനരാരംഭിക്കുകയും ചെയ്തു. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാ പഠിതാക്കളുടെയും ടെസ്റ്റുകൾ നടത്തിത്തീർക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.

സാധാരണ തദ്ദേശ സ്ഥാപനങ്ങളിലേക്കുൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ തയ്യാറാക്കി നൽകുകയാണ് ഇവരുടെ ഉത്തരവാദിത്വം. എന്നാൽ, ഇത്തവണ ഓരോ ജില്ലയിൽനിന്നും ആറു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയും 16 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയും തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചു. ആലപ്പുഴയിലുള്ള ഉദ്യോഗസ്ഥർക്ക് പാലക്കാടും പാലക്കാട്ടുള്ളവർക്ക് ആലപ്പുഴയിലുമാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്.

ഇതോടെ, ഈ ജില്ലകളിലെ എംവിഡിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഫിറ്റ്‌നസ് ടെസ്റ്റിൽ പങ്കെടുക്കേണ്ടവരും ഏറെ വലഞ്ഞിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി വർക്ക്‌ഷോപ്പിൽ കയറ്റി വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ഉൾപ്പെടെ പൂർത്തിയാക്കാൻതന്നെ ദിവസങ്ങൾ വേണ്ടിവരും. ഈ ദിവസങ്ങളിൽ സാധാരണക്കാരായ ടാക്‌സി ഡ്രൈവർമാർക്ക് വരുമാനമൊന്നും ഉണ്ടായിരിക്കില്ല. നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഫിറ്റ്‌നസ് ടെസ്റ്റ് തീയതി കിട്ടിയവരാണ് ഏറെ വലഞ്ഞത്.