ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ അടല്‍ സേതു വഴി കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങള്‍. ടോളിനത്തില്‍ ഈ കാലയളവില്‍ പിരിഞ്ഞുകിട്ടിയത് 13.95 കോടിരൂപ. വാഹനങ്ങളില്‍ 7.97 ലക്ഷവും കാറുകളാണ്. ഒരുദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

To advertise here,

ദിവസം ശരാശരി 40,000 വാഹനങ്ങള്‍ പാലം ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും വാണിജ്യ വാഹനങ്ങള്‍ അധികം പാലം ഉപയോഗിക്കാത്തതിനാലാണ് ലക്ഷ്യം കൈവരിക്കാന്‍ കഴിയാതിരുന്നതെന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീന്‍ ഡിവലപ്‌മെന്റ് അതോറിറ്റി (എം.എം.ആര്‍.ഡി.എ.) കമ്മിഷണര്‍ സഞ്ജയ് മുഖര്‍ജി പറഞ്ഞു. പുറത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് പാലത്തെക്കുറിച്ച് അറിയില്ല.

ക്രമേണ ഇതറിയുന്നതോടെ കൂടുതല്‍ വാണിജ്യവാഹനങ്ങള്‍ പാലം ഉപയോഗിച്ചുതുടങ്ങും. നിര്‍മാണത്തിലിരിക്കുന്ന സെവ്രി വര്‍ളി കണക്ടര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം കൂടും. കണക്ടറിന്റെ 65 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. പദ്ധതിബാധിത പ്രദേശങ്ങളിലെ ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പ് കാരണം ജോലികള്‍ ഉദ്ദേശിച്ചരീതിയില്‍ മുന്നോട്ട് പോകുന്നില്ല സഞ്ജയ് മുഖര്‍ജി പറഞ്ഞു. 

പാലത്തിലൂടെ ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് കാറിന് 250 രൂപയും ഇരു ഭാഗത്തേക്കുമായി 300 രൂപയുമാണ് ടോള്‍. സെവ്രി-ശിവാജി നഗര്‍ ദൂരത്തിന് 200 രൂപയും ശിവാജിനഗര്‍ ഗാവന്‍ ദൂരത്തിന് ഒരുഭാഗത്തേക്ക് 50 രൂപയും തിരിച്ചുവരുന്നതുകൂടിച്ചേര്‍ത്ത് 75 രൂപയുമാണ് ടോള്‍നിരക്ക്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ പാലത്തിലേക്ക് കടക്കുന്നതിന് 25 മീറ്റര്‍ മുമ്പുതന്നെ തിരിച്ചറിയും. ഇങ്ങനെയുള്ള വാഹനങ്ങളെ ഒട്ടോമാറ്റിക് ബാരിക്കേഡ് തടഞ്ഞുനിര്‍ത്തി ചലാന്‍ നല്‍കും.

അടല്‍സേതുവില്‍ വാഹനം നിര്‍ത്തി സെല്‍ഫിയെടുത്ത 1612 പേര്‍ക്ക് പിഴ

അടല്‍സേതു കടല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചിരിക്കെ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുത്ത 1612 പേര്‍ക്ക് മുംബൈ പോലീസും നവിമുംബൈ പോലീസും ചേര്‍ന്ന് പിഴ ചുമത്തി. വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ക്കെതിരേ പിഴചുമത്താന്‍ തുടങ്ങിയതോടെ പാലത്തില്‍ വണ്ടി നിര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് പോലീസധികൃതര്‍ പറഞ്ഞു. 

പിഴയായി ആകെ 12.11 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 10.99 ലക്ഷം രൂപ നവിമുംബൈ പോലീസും 1.12 ലക്ഷം രൂപ മുംബൈ പോലീസുമാണ് പിരിച്ചത്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ പട്രോളിങ് നടത്തുക നവിമുംബൈ പോലീസിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ നവിമുംബൈ ഭാഗത്തു മാത്രമാണ് ഇപ്പോള്‍ പട്രോളിങ് നടത്തുന്നത്. 

നവിമുംബൈ പരിധിയില്‍മാത്രം പട്രോളിങ് നടത്തി പാലത്തില്‍വെച്ച് യു ടേണ്‍ എടുക്കുക എന്നത് അപകടം പിടിച്ച കാര്യമാണെന്ന് എം.എം.ആര്‍.ഡി.എ. അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നവസേവ ട്രാഫിക് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഗുല്‍ഫാര്‍ജൊ മുജാവര്‍ പറഞ്ഞു. പട്രോളിങ് നടത്തുന്ന പോലീസ് വണ്ടി തിരിക്കുന്ന സ്ഥലം തുറന്നുവെച്ചാല്‍ പൊതുജനങ്ങളും ഇവിടെവെച്ച് വണ്ടി തിരിക്കാന്‍ തുടങ്ങിയാല്‍ അത് വലിയ അപകടമുണ്ടാക്കുമെന്ന ആശങ്കയും പോലീസിനുണ്ട്. പാലത്തില്‍ രാത്രിയും പകലും ഇപ്പോള്‍ പട്രോളിങ്ങുണ്ട്.