സാമൂഹികമാധ്യമങ്ങളിലെ താരമാണ് മലയാളിയായ മണിയമ്മ എന്ന 72-കാരി. ഏതുതരം വാഹനത്തിന്റെയും വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണെന്നതിനാൽ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ദി ഡ്രൈവർ അമ്മ. ക്രെയിൻ ഉൾപ്പടെ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരംഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്.
സാരിയുടുത്ത് ദുബായ് തെരുവുകളിലൂടെ വെള്ള നിറത്തിലുള്ള ആഡംബര കാർ ഓടിക്കുന്ന മണിയമ്മയുടെ വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. തൻ്റെ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് അഭിമാനത്തോടെ കാണിക്കുന്നതിൽനിന്ന് തുടങ്ങുന്ന വീഡിയോ, പെട്ടെന്നുതന്നെ അവർ ആ വിലകൂടിയ വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് മാറുന്നു.
വീഡിയോ ഇതിനകം 13 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഏത് പ്രായത്തിലും ജീവിതം പൂർണമായി ജീവിക്കാൻ പ്രചോദനം നൽകുന്ന വ്യക്തിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. 'ഒരുപക്ഷേ ലോകത്തിലെ എല്ലാ തരം വാഹനങ്ങളും ഓടിക്കാൻ സാധുവായ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ള ഏറ്റവും പ്രായം കൂടിയ വനിത ഇവരായിരിക്കും' എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു.
ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ 11 വ്യത്യസ്ത തരം വാഹനങ്ങൾ ഓടിക്കാൻ എറണാകുളം സ്വദേശിയായ ഡ്രൈവർ അമ്മയ്ക്ക് ലൈസൻസുണ്ട്. വിലകൂടിയ കാറുകൾ ഓടിക്കുന്നതിൻ്റെയും എക്‌സ്‌കവേറ്ററുകൾ, ഫോർക്ക്ലിഫ്റ്റുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ, ബസുകൾ, ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിൻ്റെയും വീഡിയോകൾ അവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇന്ത്യയിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രം ഈ രംഗത്തേക്ക് കടന്നുവന്നിരുന്ന ഒരു കാലഘട്ടത്തിൽ, പതിറ്റാണ്ടുകൾക്ക് മുൻപാണ് മണി അമ്മയുടെ ഡ്രൈവിങ് ജീവിതം ആരംഭിക്കുന്നത്. 1978-ൽ ഡ്രൈവിങ് സ്കൂൾ ആരംഭിച്ച ഭർത്താവിൻ്റെ പ്രോത്സാഹനത്താൽ അവർ കാറുകൾ മാത്രമല്ല, ക്രെയിനുകൾ, ട്രെയിലറുകൾ തുടങ്ങിയ ഹെവി വാഹനങ്ങളും ഓടിക്കാൻ പഠിച്ചു.
2004-ൽ ഭർത്താവിൻ്റെ മരണശേഷം കുടുംബത്തെ പോറ്റാനായി മണിയമ്മ ഡ്രൈവിങ് സ്കൂളിൻ്റെ ചുമതല ഏറ്റെടുത്തു. ദൃഢനിശ്ചയത്തോടും അഭിനിവേശത്തോടുംകൂടി അവർ അദ്ദേഹത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. ഇഷ്ടങ്ങൾ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് മണിയമ്മ തെളിയിച്ചു. കേരളത്തിലെ റോഡുകളിൽനിന്ന് ദുബായിലെ തിരക്കേറിയ നഗരങ്ങളിലേക്ക് എത്തുമ്പോഴും, മണിയമ്മ തൻ്റെ ഡ്രൈവിങ് കഴിവുകൾ കൊണ്ട് മാത്രമല്ല, ജീവിതത്തോടുള്ള നിർഭയമായ മനോഭാവംകൊണ്ടും ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമാവുകയാണ്.
Content Highlights: Indian woman, Mani Amma, stuns the world driving a Rolls-Royce in Dubai in a saree
Published: 27 Aug 2025, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented