തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമായി പുതുതായി വാങ്ങുന്നത് 32 ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ. നിലവിൽ ഉപയോഗിച്ചുവരുന്നത്‌ ഇന്നോവ ക്രിസ്റ്റ വാഹനങ്ങളാണ്. നിലവിലുള്ളവയിൽ 31 എണ്ണം 2018-ലും ഒരെണ്ണം 2019-ലും വാങ്ങിയവയായിരുന്നു. പുതിയ വാഹനങ്ങൾക്കായി ഒൻപതുകോടി രൂപ സർക്കാർ അനുവദിച്ചു.

To advertise here,

അഞ്ചുവർഷം പഴക്കമുള്ളതോ 80,000 കിലോമീറ്ററിലധികം സഞ്ചരിച്ചതോ ആയ കാറുകൾ മാറ്റി പുതിയവ വാങ്ങണമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തികപ്രതിസന്ധിയുള്ളതിനാൽ ആദ്യം ഈ ആവശ്യത്തോട് ധനവകുപ്പ് യോജിച്ചില്ല. മന്ത്രിമാരുടെ കാറുകളിൽ പലതും 3.75 ലക്ഷംവരെ കിലോമീറ്ററുകൾ ഓടിയവയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇതോടെ പഞ്ചാബ് ഹൈക്കോടതിയിൽനിന്നുള്ള വിധികൂടി ഹൈക്കോടതി രജിസ്ട്രാർ ചൂണ്ടിക്കാട്ടിയിട്ടുള്ളകാര്യം സർക്കാർ പരിഗണിച്ചു. എംഎൽ പുരി വെഴ്‌സസ് ദ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി കേസിൽ, ഹൈക്കോടതി ജഡ്ജിമാർ ഉപയോഗിച്ചുവരുന്ന അഞ്ചുവർഷത്തിൽ കൂടുതൽ പഴക്കമുള്ളതോ 80,000 കിലോമീറ്ററിൽ കൂടുതൽ ഓടിയതോ ആയ കാറുകൾ മാറ്റി പകരം കാർ വാങ്ങണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ആവശ്യം മന്ത്രിസഭ പരിഗണിച്ച് പണം അനുവദിക്കുകയായിരുന്നു.