ആലപ്പുഴ: ബൈക്കുകളുടെ രൂപമാറ്റം, അതിവേഗം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മോട്ടോര്‍വാഹന വകുപ്പെടുത്തത് 22,733 കേസുകള്‍. 2023-ല്‍ പതിനായിരത്തില്‍ത്താഴെ മാത്രമായിരുന്നു കേസുകള്‍.

To advertise here,

നമ്പര്‍ പ്ലേറ്റ്, മഡ്ഗാഡ്, ഇന്‍ഡിക്കേറ്റര്‍, സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മാറ്റംവരുത്തുന്നതിനെതിരേ നടപടി കര്‍ക്കശമാക്കിയതോടെയാണ് കേസുകളുടെ എണ്ണമുയര്‍ന്നത്. 2024-ല്‍, ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശബരിമലയിലുള്‍പ്പെടെ നടന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ സ്വമേധയാ കേസെടുത്തായിരുന്നു കോടതിയുടെ ഇടപെടല്‍.

വലിയ ശബ്ദം കേള്‍പ്പിക്കുന്നതിനാണ് സൈലന്‍സറിലെ മാറ്റം. ആകര്‍ഷകമായ വെളിച്ചമുള്ള എല്‍ഇഡി സംവിധാനമാണ് ചിലര്‍ ഇന്‍ഡിക്കേറ്ററില്‍ ഉപയോഗിക്കുന്നത്. വേറിട്ട കാഴ്ചയ്ക്കാണ് മഡ്ഗാഡിന്റെ രൂപമാറ്റം. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 418 ഡ്രൈവിങ് ലൈസന്‍സുകളും ഒന്‍പതു വാഹനങ്ങളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തു.

രൂപമാറ്റത്തിന് 5,000 രൂപയാണ് പിഴ. നടപടി കര്‍ശനമായപ്പോള്‍ നിയമനലംഘനങ്ങള്‍ക്കു കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. റീല്‍സ് തയ്യാറാക്കുന്നതിനും മറ്റുമായാണ് പലരും ബൈക്കില്‍ രൂപമാറ്റം വരുത്തുന്നതും അതിവേഗത്തില്‍, വലിയ ശബ്ദത്തോടെ അഭ്യാസപ്രകടനം നടത്തുന്നതും.

2019-ലെ കേന്ദ്ര നിയമപ്രകാരം രൂപമാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പ് അധികൃതരില്‍നിന്ന് ലക്ഷം രൂപവരെ പിഴയീടാക്കാം. എന്നാല്‍, അവര്‍ക്കെതിരേ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിനു കഴിഞ്ഞിട്ടില്ല.