പുതിയ ഡസ്റ്റർ എസ്‌യുവിയുടെ 1.3 ലിറ്റർ ടർബോ-പെട്രോൾ പവർട്രെയിനുകളുടെ ARAI-സർട്ടിഫൈഡ് ഇന്ധനക്ഷമത കണക്കുകൾ റെനോ ഇന്ത്യ പുറത്തുവിട്ടു. 1.3 ടർബോ മാനുവൽ മോഡലിന് 17.75 കി.മീ/ലിറ്ററും ഡസ്റ്റർ ടർബോ-പെട്രോൾ DCT-ക്ക് 18.45 കി.മീ/ലിറ്ററും ആണ് ഇന്ധനക്ഷമത. ഏറ്റവും അടിസ്ഥാന മോഡലിന് മുകളിലുള്ള ഡസ്റ്റർ എവല്യൂഷൻ ട്രിം മുതൽ ലഭ്യമാകുന്ന ഈ എൻജിൻ 163 എച്ച്പി കരുത്തും 280 എൻഎം ടോർക്കും നൽകുന്നു. ഡസ്റ്റർ 1.3 ടർബോ-പെട്രോളിനായുള്ള ഗിയർബോക്സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് വെറ്റ്-ക്ലച്ച് DCT-യും ഉൾപ്പെടുന്നു.

To advertise here,

1.3-ലിറ്റർ ടർബോ പെട്രോൾ എൻജിന് പുറമെ, 100 എച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3സിലിണ്ടർ ടർബോ-പെട്രോൾ എൻജിനും ഡസ്റ്ററിനുണ്ട്. ഈ എൻട്രി ലെവൽ ടർബോ-പെട്രോൾ മാനുവൽ പവർട്രെയിനിന്റെ മൈലേജ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യമാവുക.

ഈ വർഷം അവസാനം ഒരു സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് കൂടി വരുന്നുണ്ട്. പെട്രോൾ പതിപ്പുകൾ ലിറ്ററിന് 14 മുതൽ 18 കിലോമീറ്റർ വരെ മൈലേജ് നൽകുമ്പോൾ ഹൈബ്രിഡ് മോഡലുകൾ 20 കിലോമീറ്ററിൽ കൂടുതൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 160 ബിഎച്ച്പിയും 172 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. 2026 ദീപാവലിയോടെ ഈ മോഡൽ പുറത്തിറങ്ങും.

10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 18.49 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് റെനോ ഡസ്റ്ററിന്റെ വില. ഇന്ത്യൻ വിപണിയിൽ, ടാറ്റ സിയേറ, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളാണ് ഡസ്റ്ററിന്റെ പ്രധാന എതിരാളികൾ.