
ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍പതിഞ്ഞ വാഹന നിര്‍മാണ കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. കൊമേഴ്സ്യല്‍ വാഹന വിപണിയിലും പാസഞ്ചര്‍ വാഹന വിപണിയിലും ഒരുപോലെ തിളങ്ങിയ ബ്രാന്‍ഡ്. ടാറ്റയുമായി അത്രയേറെ ആത്മബന്ധമാണ് ഓരോ ഇന്ത്യക്കാരനുമുള്ളത്. ടാറ്റ എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ടാറ്റയുടെ പ്ലാന്റുകളില്‍നിന്ന് പുറത്തുവന്ന വാഹനങ്ങൾത്തന്നെയായിരുന്നു.
70 വര്‍ഷം മുന്‍പാണ് ടാറ്റ തങ്ങളുടെ ആദ്യ ലോറി പുറത്തിറക്കുന്നത്. 1954-ല്‍ ഡെയിംലര്‍ ബെന്‍സുമായി ചേര്‍ന്നായിരുന്നു ടാറ്റ ആദ്യ ലോറി നിരത്തിലിറക്കിയത്. ഇന്ത്യ വിഭജനകാലത്ത് പാകിസ്താനില്‍നിന്നെത്തിയ സര്‍ദാര്‍ കര്‍ത്താര്‍ സിങ് എന്നയാളായിരുന്നു ടാറ്റയുടെ ആദ്യ ലോറിയുടെ ഉടമ. ആ ചരിത്രവാഹനം 11 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ടാറ്റ മ്യൂസിയത്തിലേക്ക് തിരികെ നല്‍കുകയും ചെയ്തു.
ടാറ്റയുടെ ആദ്യ ലോറി വാങ്ങിയ സര്‍ദാര്‍ സിങ്ങിനെക്കുറിച്ച് ടാറ്റയുടെ ബ്രാന്‍ഡ് കസ്റ്റോഡിയനും ഡയറക്ടറും എഴുത്തുകാരനുമായ ഹരീഷ് ഭട്ടാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ലിങ്ക്ഡ്ഇന്നില്‍ 'ഷോര്‍ട് ടാറ്റ സ്റ്റോറീസ്' എന്ന പേരില്‍ അദ്ദേഹം എഴുതുന്ന പരമ്പരയിലാണ് ടാറ്റയുടെ ആദ്യ ലോറിയുടെ കഥയും അതിനെ സ്വന്തമാക്കിയ സര്‍ദാര്‍ സിങ്ങിന്റെ കഥയും വിവരിക്കുന്നത്.
ജംഷേദ്പുര്‍ പ്ലാന്റില്‍നിന്ന് ആദ്യലോറി...
1954-ല്‍ ജംഷേദ്പുര്‍ പ്ലാന്റില്‍നിന്നാണ് ടാറ്റയുടെ ആദ്യ ലോറി പുറത്തിറങ്ങുന്നത്. സര്‍ദാര്‍ കര്‍ത്താര്‍ സിങ് ആയിരുന്നു ആ ചരിത്രവാഹനം സ്വന്തമാക്കിയ വ്യക്തി. 1965-ല്‍ അദ്ദേഹം ആ ലോറി ടാറ്റയ്ക്ക് തിരികെ നല്കി. ഏകദേശം എട്ടുലക്ഷത്തോളം കിലോമീറ്റര്‍ ഓടിയശേഷമാണ് ആ ചരിത്രവാഹനം അദ്ദേഹം ടാറ്റയ്ക്ക് തിരികെ നല്‍കിയത്. ആ വാഹനം ഇന്ന് കമ്പനിയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്.
1965-ല്‍ തങ്ങളുടെ ആദ്യ ലോറി തിരികെനല്കിയ സര്‍ദാര്‍ സിങ്ങിന് പുതിയ ലോറി കൈമാറിയാണ് ടാറ്റ നന്ദി പ്രകാശിപ്പിച്ചത്. ടാറ്റ മെഴ്സീഡസ് ബെന്‍സ് ലോറികളുടെ ഉത്പാദനം ഒരുലക്ഷം യൂണിറ്റ് പിന്നിട്ടതും അതേ വര്‍ഷം തന്നെയായിരുന്നു. ഒരുലക്ഷം യൂണിറ്റ് തികച്ച ലോറി സര്‍ദാര്‍ സിങ്ങിന് കൈമാറാനായിരുന്നു ടാറ്റയുടെ തീരുമാനം. ടാറ്റ മോട്ടോഴ്സ് (അന്നത്തെ ടെല്‍കോ) മാനേജിങ് ഡയറക്ടറായിരുന്ന സുമന്ത് മൂല്‍ഗോക്കറാണ് അന്ന് ആ വാഹനം സര്‍ദാര്‍ സിങ്ങിന് കൈമാറിയത്. ടാറ്റയുടെ ഒട്ടേറെ ഡീലര്‍മാര്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സര്‍ദാര്‍ സിങ് ആ വാഹനം ഏറ്റുവാങ്ങിയത്. അങ്ങനെ ടാറ്റയുടെ ആദ്യ ലോറിയുടെയും ലക്ഷം യൂണിറ്റ് തികഞ്ഞ ലോറിയുടെയും ഉടമ സര്‍ദാര്‍ സിങ്ങായി.
പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക്, ധനികനായ വ്യാപാരിയുടെ സഹായം...
ഇന്ത്യ വിഭജനകാലത്ത് പാകിസ്താനില്‍നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥിയായിരുന്നു സര്‍ദാര്‍ സിങ്. പാകിസ്താനില്‍ ബസ് സര്‍വീസുകളും ട്രാന്‍സ്പോര്‍ട്ട് കമ്പനിയും നടത്തിയിരുന്ന അദ്ദേഹം വിഭജനകാലത്ത് എല്ലാം നഷ്ടപ്പെട്ട് വെറുംകൈയോടെയാണ് ഇന്ത്യയിലെത്തിയത്. ജീവിതം വഴിമുട്ടി ഡല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്നതിനിടെ അദ്ദേഹം ഒരു ധനികനായ വ്യാപാരിയെ സഹായംതേടി സമീപിച്ചു. പ്രശസ്തമായ 'മോണ്ട്ഗോമറി ട്രാന്‍സ്പോര്‍ട്ട് കമ്പനി'യുടെ പാകിസ്താനിലെ ഉടമയായിരുന്നു താനെന്നും വിഭജനകാലത്ത് എല്ലാം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആ വ്യാപാരിയോട് വെളിപ്പെടുത്തി. സര്‍ദാര്‍ സിങ്ങിനെ ജീവിതം കേട്ട വ്യാപാരി അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ പുതിയ ലോറി ട്രാന്‍സ്പോര്‍ട്ട് കമ്പനി ആരംഭിക്കാന്‍ വലിയൊരു തുക വായ്പയായി നല്കി. ആ വ്യാപാരി കാണിച്ച ദയയും മനുഷ്യത്വവുമായിരുന്നു പിന്നീടുള്ള സര്‍ദാര്‍ സിങ്ങിന്റെ വളര്‍ച്ചയുടെ തുടക്കം. ബിസിനസ് രംഗത്ത് മുന്നേറി പുതിയ ഉയരങ്ങള്‍ കീഴടക്കിയപ്പോഴും അന്ന് ആ അപരിചിതന് കാണിച്ച മഹാമനസ്കതയും ഔദാര്യവും അദ്ദേഹം മറന്നില്ല. അങ്ങനെ ആ വ്യാപാരിയുടെ സഹായംകൊണ്ട് സര്‍ദാര്‍ സിങ് ജീവിതം വീണ്ടെടുത്തു. 'മോണ്ട്ഗോമറി ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റി' എന്ന പേരില്‍ ഡല്‍ഹിയില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസിന് തുടക്കമിട്ടു. അദ്ദേഹം ആ കമ്പനിയുടെ വൈസ് പ്രസിഡന്റുമായെന്നും ഹരീഷ് ഭട്ട് കുറിച്ചു.
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ കയറാന്‍ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ചും കുറിപ്പില്‍ ഹരീഷ് ഭട്ട് സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ ജംഷേദ്പുരിലെ ടാറ്റ മോട്ടോഴ്സ് സന്ദര്‍ശിച്ചപ്പോഴാണ് തനിക്ക് ആ ഭാഗ്യം ലഭിച്ചതെന്നും ആ കാബിനില്‍ ഏതാനും മിനിറ്റുകള്‍ ഇരുന്നപ്പോള്‍ വളരെ സമ്പന്നമായ ചരിത്രമാണ് മനസ്സിലുണര്ന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. അത് മറ്റൊരു ദിവസത്തേക്കുള്ള കഥയെന്ന് പറഞ്ഞാണ് ഹരീഷ് ഭട്ട് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: tata first truck and his owner story written by harish bhat
Published: 09 Dec 2024, 08:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented