ഥാർഥ എസ്.യു.വി. എങ്ങനെയായിരിക്കണം എന്ന് കാണിച്ചായിരുന്നു ഡസ്റ്ററിനെ ഫ്രഞ്ചുകാരൻ റെനോ പതിനാല് വർഷം മുൻപ് ഇന്ത്യയിലെത്തിച്ചത്. റെനോയുടെ പരീക്ഷണം വിജയിച്ചു. എന്നാൽ, അന്ന് വിട്ടുപോയവ പരിഹരിച്ച് ഇപ്പോഴിതാ പുതിയ ഡസ്റ്ററുമായി വീണ്ടുമെത്തുകയാണ്. രണ്ടും തമ്മിൽ രൂപത്തിലും സാങ്കേതികതയിലും ഫീച്ചറിലുമെല്ലാം വലിയ വ്യത്യാസം.

To advertise here,

10.49 ലക്ഷം രൂപ മുതൽ 18.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി കമ്പനിയിട്ടത്.ഇന്ത്യൻ റോഡുകളെ കണ്ടറിഞ്ഞ്, നാലുവർഷം നീണ്ട ഗവേഷണത്തിനു ശേഷമുള്ള വരവ്. അതുകൊണ്ടു തന്നെ ഓടിച്ചപ്പോൾ തിരിച്ചറിഞ്ഞു. ഇത് വേറൊരു ജനുസ്സാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും പ്രശസ്തമായ ടെഹ്‌രി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തേക്കായിരുന്നു യാത്ര. 150 കിലോമീറ്ററോളം വരും. മലനിരകളിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള യാത്ര. ഡസ്റ്റർ ഒരിടത്തു പോലും നിരാശപ്പെടുത്തിയില്ല.. ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.

രൂപം... എസ്.യു.വിത്തം

ഒറ്റനോട്ടത്തിൽ ആദ്യം കണ്ണിൽ പതിയുന്നത് കൊമ്പന്റെ നെറ്റിപ്പട്ടംപോലെ ഗ്രില്ലിൽ തെളിഞ്ഞുനിൽക്കുന്ന ഡസ്റ്റർ ലോഗോ. എസ്.യു.വി. എന്നു പേരെടുത്തു പറയുന്ന തലപ്പൊക്കം. പിയാനോ ബ്ലാക്ക് ട്രിമ്മും ചേർന്ന വലിയ ഗ്രിൽ. സിൽവർ ആക്സന്റുകൾ മിഴിവേകുന്നു. ഷാർപ്പ് ലുക്കിനായി എൽ.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുകളും നേർത്ത ഹെഡ്ലൈറ്റുകളും. ഫോഗ് ലാമ്പുകൾ കോർണറിങ് ലൈറ്റുകളായി മാറും.

212 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലങ്ങിനെ ഉയർന്നു നിൽക്കുകയാണ്, കൂട്ടായി 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും. ഒപ്പം ബോഡി കളർ ഡോർ ഹാൻഡിലുകളും ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ച ഒ.ആ.ർവി.എമ്മുകളും. പിൻഭാഗത്ത് കമ്പനി പേരായ റെനോവരുന്നുണ്ട് എന്നാൽ കൂടുതൽ കാഴ്ച തൊട്ടുമുകളിലായുള്ള ഡസ്റ്റർ ലോഗോയ്ക്ക് തന്നെ. കണക്റ്റഡ് എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ, വാഷറോടു കൂടിയ റിയർ വൈപ്പർ, ഡിഫോഗർ, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്. ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയുന്ന ബൂട്ട് ഡോർ. ഉള്ളിൽ 458 ലിറ്റർ ലഗേജ് സ്പേസുണ്ട്.

സുന്ദരം ഉൾത്തളം

പച്ച നിറത്തിലുള്ള സ്റ്റിച്ചിങ് ഡോർപാനലിൽ നിന്ന് തുടങ്ങി ഡാഷ്ബോർഡിലൂടെ കടന്നു പോയി. കറുപ്പിനഴകാണ് അകത്ത്. പുതിയ ഡാഷ്ബോർഡിൽ വലിയൊരു ടച്ച്സ്‌ക്രീൻ വന്നു. മാപ്പുകൾക്കും വോയ്സ് അസിസ്റ്റിനുമായി ഗൂഗിൾ സേവനങ്ങൾ ഇതിൽ ഇൻബിൽറ്റായി ലഭിക്കും. അടിസ്ഥാന കാര്യങ്ങൾക്കായി എപ്പോഴും ഫോൺ കണക്ട് ചെയ്യേണ്ട. മുൻസീറ്റുകൾ രണ്ടും പവർ അഡ്ജസ്റ്റബിൾ ആണ്. പുറം തണുപ്പിക്കാൻ വെന്റിലേഷൻ സൗകര്യവും. ലെവൽ 2 അഡാസ് വരുന്നുണ്ട്. ഡ്രൈവർക്ക് വേണമെങ്കിൽ ഇതിൽ വേണ്ടത് തിരഞ്ഞെടുക്കാൻ കഴിയും. ഡാഷിലെ ഒരു സ്വിച്ച് ഓഫ് ചെയ്താൽ മതി. സ്‌ക്രീനിൽ കാണാം ബാക്കി. പിൻസീറ്റുകളിൽ യാത്രക്കാർക്ക് മികച്ച അണ്ടർ-തൈ സപ്പോർട്ട് ലഭിക്കുന്നുണ്ട്.

കരുത്തിന് പുതിയ പേര്

1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് പ്രധാനി. 160 ബി.എച്ച്.പി. കരുത്തിൽ പരമാവധി 280 എൻ.എം. ടോർക്ക് വരെ നൽകും. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായിചേരുമ്പോൾ പറക്കും. ഗിയർ ഷിഫ്റ്റുകൾക്കിടയിൽ ലാഗ് എന്ന വാക്കിന് സ്ഥാനമില്ല. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുമുണ്ട്. ഈ വർഷം അവസാനം ഒരു സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് കൂടി വരുന്നുണ്ട്. അത് കലക്കും. പെട്രോൾ പതിപ്പുകൾ ലിറ്ററിന് 14 മുതൽ 18 കിലോമീറ്റർ വരെ മൈലേജ് നൽകുമ്പോൾ ഹൈബ്രിഡ് മോഡലുകൾ 20 കിലോമീറ്ററിൽ കൂടുതൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കോ, കംഫർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിങ്ങ് മോഡുകളുണ്ട്. മറ്റൊരു പ്രത്യേകത സ്റ്റിയറിങ്ങ് മോഡുകളാണ്. ഡ്രൈവിങ്ങ് സുഖത്തിനായി സോഫ്റ്റും ഹാർഡുമായി സ്റ്റിയറിങ്ങ് മാറും. സസ്പെൻഷനും മികച്ചതാണ്.