
ഇന്ത്യയുടെ ഉത്പാദനമേഖലയ്ക്ക് സ്വപ്നച്ചിറകുകള്‍ നല്‍കിയ വ്യവസായിയാണ് ശനിയാഴ്ച മണ്‍മറഞ്ഞത്. അരനൂറ്റാണ്ടുകാലം തലപ്പത്തിരുന്ന് ബജാജ് ഗ്രൂപ്പിനെ ലോകോത്തര വ്യവസായ ഗ്രൂപ്പായി വളര്‍ത്തി രാഹുല്‍ ബജാജ് എന്ന ദീര്‍ഘദര്‍ശി.
ലൈസന്‍സ് രാജ് നിലനിന്നിരുന്ന 1970-കളിലാണ് ബജാജ് ഓട്ടോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി രാഹുല്‍ ബജാജ് എത്തുന്നത്. അന്ന് 35 വയസ്സ്. ബജാജ് സ്‌കൂട്ടര്‍ സ്വന്തമാക്കുന്നത് ഒരു കാലഘട്ടത്തില്‍ എല്ലാവരുടെയും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. കുറഞ്ഞകാലത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാതാവ് എന്ന നേട്ടവും ചേതക്ക് രാഹുല്‍ ബജാജിനിത് സമ്മാനിച്ചു. വെസ്പയുമായുള്ള കരാര്‍ അവസാനിച്ചശേഷവും ചേതക് ഉത്പാദനം തുടര്‍ന്നുവന്നു. ചേതകിന്റെ വിജയം രാഹുല്‍ ബജാജിന് ചില ശത്രുക്കളെയും സമ്മാനിച്ചു.
വ്യവസായലോകത്ത് നില്‍ക്കുമ്പോഴും അധികാര ഇടനാഴികളിലെ ദുഷ്‌ചെയ്തികളെ എതിര്‍ക്കാന്‍ അദ്ദേഹം മടികാട്ടിയില്ല. ഇത് ഇന്ദിരാഗാന്ധിയുടെ എതിര്‍പ്പിനു കാരണമായി. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലൈസന്‍സ് ലഭിക്കുന്നതിലടക്കം ഇതു തടസ്സമായി. അടിയന്തരാവസ്ഥക്കാലത്ത് ഒന്നിലധികംതവണ അദ്ദേഹത്തിന്റെ കമ്പനിയില്‍ പരിശോധനകള്‍ നടന്നു.
ലൈസന്‍സില്‍ അനുവദിച്ചതിലും കൂടുതല്‍ സ്‌കൂട്ടര്‍ ഉത്പാദിപ്പിച്ചതിന് മൊണോപ്പൊളീസ് ആന്‍ഡ് റെസ്ട്രിക്ടീവ് ട്രേഡ് കമ്മിഷന്‍തന്നെ വിളിപ്പിച്ചു. ലൈസന്‍സ് ശേഷിയെക്കാള്‍ 25 ശതമാനം അധികം ഉത്പാദനം നടത്തിയെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടതെന്ന് രാഹുല്‍ ബജാജ് പറഞ്ഞിട്ടുണ്ട്. അന്നത്തെ ധീരമായ ഈ 'നിയമലംഘന'ത്തിലൂടെ അദ്ദേഹം നടന്നു കയറിയത് സാധാരണക്കാരും മധ്യവര്‍ത്തികളുമായ ഇന്ത്യന്‍ ജനതയുടെ ഇരുചക്രവാഹന സ്വപ്നങ്ങളിലേക്കാണ്.
ആഗോളവത്കരണം നടപ്പാക്കിയശേഷം ഒട്ടേറെ വ്യവസായങ്ങള്‍ ഇന്ത്യയിലേക്കു കടന്നുവന്നു. എന്നാല്‍, മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ ജപ്പാന്റെ ഹോണ്ടയെ അടക്കം നേരിട്ട് രാഹുല്‍ ബജാജ് ഉണ്ടാക്കിയ അടിത്തറയില്‍ ബജാജ് വിപണിയില്‍ മുന്നേറുകയാണ്. ജപ്പാനിലെ കാവസാക്കിയുമായി ചേര്‍ന്ന് രാജ്യത്ത് ആദ്യമായി പ്രാദേശികമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചതും രാഹുല്‍ ബജാജ് ആണ്.
ചേതക് വിപണി വിട്ടുതുടങ്ങിയ 2005 മുതല്‍ അദ്ദേഹം അധികാരക്കൈമാറ്റത്തിനു നീക്കം തുടങ്ങിയിരുന്നു. ബജാജ് ഓട്ടോയുടെ എം.ഡി.യായി മകന്‍ രാജീവ് ബജാജിനെ കൊണ്ടുവന്നു. അതേസമയം, കാര്‍ വിപണിയിലേക്ക് കടക്കാനുള്ള ശ്രമം വിജയം കണ്ടില്ല.
രാജീവ്, ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം 2009-ല്‍ തങ്ങളുടെ ശ്രദ്ധാകേന്ദ്രം സ്‌കൂട്ടറില്‍നിന്ന് ബൈക്കുകളിലേക്കു മാറ്റാന്‍ തീരുമാനിച്ചു. ഇതറിഞ്ഞപ്പോള്‍ രാഹുല്‍ ബജാജിന് തന്റെ നിരാശയടക്കാനായില്ല. 'ഇതു ശരിയായി തോന്നുന്നില്ല, എനിക്ക് നോവുന്നു' എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതിന് മകന്റെ മറുപടി ഇങ്ങനെയായിരുന്നു- 'പരിഹാരങ്ങള്‍ വികാരങ്ങളില്‍നിന്നല്ല യുക്തികളില്‍നിന്നാണ് ഉണ്ടാവുന്നത്'.
2021 ഏപ്രില്‍ 30-ന് ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞു. പകരം നീരജ് ബജാജിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചു. തുടര്‍ന്ന് കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രാഹുല്‍ ബജാജിന്റെ നേതൃത്വത്തില്‍ ബജാജ് ഓട്ടോയുടെ വിറ്റുവരവ് വെറും 7.2 കോടി രൂപയില്‍നിന്ന് 12,000 കോടിയിലേക്ക് വളര്‍ന്നു.
Content Highlights: Former chairman of Bajaj auto, indian industrialist Rahul Bajaj dies at 83, Bajaj Auto, Rahul Bajaj
Published: 13 Feb 2022, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented