വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്രമാത്രം ലളിതമായിട്ടുണ്ടെന്ന് വാഹന ഉടമകള്‍ക്കറിയാം. ക്ലെയിം ഫോം പൂരിപ്പിച്ച് ഒരുകെട്ടു രേഖകളുമായി ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍ കയറി ഇറങ്ങിയിരുന്ന കാലമെല്ലാം കഴിഞ്ഞുപോയി. ചെറിയ അപകടങ്ങളുണ്ടായാല്‍ മൊബൈല്‍ ഫോണില്‍ ഏതാനും ചിത്രങ്ങളെടുത്ത് ഓണ്‍ലൈനായി ക്ലെയിം അപേക്ഷ സമര്‍പ്പിക്കാവുന്നതേയുള്ളൂ ഇപ്പോള്‍.

To advertise here,

അതും കടന്ന് നിര്‍മിത ബുദ്ധി (എഐ) യുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അതിവേഗത്തില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന കാലമാണ് വരാന്‍ പോകുന്നത്.

ഇന്റര്‍നെറ്റ് ഓഫ് തിങ്സിന് (ഐഒടി) ഇന്‍ഷുറന്‍സിലുമുണ്ട് കാര്യം

വൈദ്യുത വാഹനങ്ങളും പുതുതലമുറ വാഹനങ്ങളുമെല്ലാം ഒട്ടനവധി സ്മാര്‍ട്ട് സംവിധാനങ്ങളുമായാണ് പുറത്തിറങ്ങുന്നത്. നിങ്ങളുടെ വാഹനം എവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നു എന്നറിയാനും ഇരുചക്രവാഹനമാണെങ്കില്‍ അതു സ്റ്റാന്‍ഡില്‍നിന്നു മറിഞ്ഞുവീണാല്‍ അതറിയാനും പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് എങ്ങോട്ടെങ്കിലും മാറ്റപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാനും നിങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കു പുറത്തേക്ക് വാഹനം പോകുന്നില്ലെന്ന് ഉറപ്പാക്കാനുമെല്ലാം പുതുതലമുറ വാഹനങ്ങളില്‍ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) ഉപയോഗിച്ച് ഇതിലുമേറെ കാര്യങ്ങള്‍ തത്സമയം അറിയാനുള്ള സാഹചര്യമാണ് ഇന്നുള്ളത്.

വാഹനം എത്ര വേഗത്തില്‍ ഏതുരീതിയില്‍ ഡ്രൈവു ചെയ്യുന്നു, അപകടങ്ങളിലേക്കു നയിച്ച സാഹചര്യം എന്തായിരുന്നു തുടങ്ങി നിരവധി വിവരങ്ങള്‍ ഐഒടി ഉപകരണങ്ങളുടെ സഹായത്തോടെ അറിയാനും വിലയിരുത്താനും സാധിക്കും. മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കലില്‍ ഇതിന് വിശാലമായ സാധ്യതകളാണുള്ളത്. ടെലിമാറ്റിക് സെന്‍സറുകളുടെയും ജിപിഎസ് ട്രാക്കറുകളുടെയും സഹായത്തോടെ ക്ലെയിം പരിശോധനയ്ക്കാവശ്യമായ മിക്കവാറും എല്ലാ വിവരങ്ങളും തത്സമയം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യം ലഭിക്കുമെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.

വൈദ്യുത വാഹനങ്ങളാണെങ്കില്‍ അതിന്റെ തത്സ്ഥിതി പരിശോധിക്കാനുള്ള സെന്‍സറുകള്‍ മിക്കവാറും മോഡലുകളില്‍ ലഭ്യമാണ്. ഇവ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതേയുള്ളു. അതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിന് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നും അതിന്റെ ജോലികള്‍ക്കായി എത്ര തുക വേണമെന്നും ഉടനടി കണക്കുകൂട്ടുകയും ചെയ്യാം. കാലതാമസമില്ലാതെ കൂടുതല്‍ കൃത്യതയോടെ ക്ലെയിമുകള്‍ തീര്‍പ്പാക്കാം എന്നതാണ് ഇതിലൂടെ ലഭിക്കുന്ന ഗുണം.

വാഹന പരിപാലനത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാം

ഐഒടി സെന്‍സറുകളുള്ള കണക്ടഡ് വാഹനങ്ങളുടെ വിവിധ ഘടകങ്ങളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വാഹന ഡീലര്‍മാര്‍ക്കും അറിയാനാവുമല്ലോ. ഇതിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ചെയ്യേണ്ട മെയിന്റനന്‍സ് ജോലികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വാഹന ഉടമയ്ക്ക് നല്‍കാനാവും. ക്ലെയിം ഉണ്ടാകുന്ന അവസ്ഥയില്‍ ഇത്തരം ജോലികള്‍ ചെയ്തിരുന്നോ എന്നു പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കൂടി ക്ലെയിം തുക നിശ്ചയിക്കുകയും ചെയ്യാനാവും. വാഹനത്തിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താത്തതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും ഇത്തരം നിര്‍ദേശങ്ങള്‍ സഹായിക്കും.

സ്വകാര്യതയ്ക്ക് എത്രത്തോളം പ്രസക്തി?

വാഹന ഉടമകളുടെ സ്വകാര്യതയ്ക്കാണോ വിവരങ്ങളുടെ തത്സമയ ലഭ്യതയ്ക്കാണോ പ്രാധാന്യം നല്‍കേണ്ടതെന്ന ചോദ്യം ഇതിനിടെ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വാഹന ഉടമയും ഇന്‍ഷുറന്‍സ് സ്ഥാപനവും തമ്മിലുണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാവും ഡേറ്റ പങ്കുവയ്ക്കപ്പെടുക. ചില വൈദ്യുത വാഹനങ്ങളില്‍ 'ഇന്‍കൊഗ്‌നിറ്റോ മോഡ്' ഉപയോഗിച്ച് ട്രാക്കിങ് ഒഴിവാക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്. ഇവയെല്ലാം എങ്ങനെയാവും പരിഗണിക്കുക എന്നതും വലിയൊരു ചോദ്യമാണ്.

ചെലവു കുറയും

ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമങ്ങള്‍ ഡിജിറ്റലാവുന്നതോടെ രണ്ടുരീതിയിലാവും കമ്പനികള്‍ക്കു നേട്ടമുണ്ടാക്കാനാവുക. തത്സമയ ഡേറ്റ വിലയിരുത്താനാവുന്നത് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ വളരെയേറെ സഹായകമാകും. നടപടിക്രമങ്ങള്‍ ഗണ്യമായി കുറയുന്നതും ഇതിനായി വാഹനം പരിശോധിക്കുന്നതും സ്ഥലം സന്ദര്‍ശിക്കുന്നതുമെല്ലാം ഒഴിവാക്കാനാവുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ തോതിലെ ചെലവു കുറയ്ക്കലിനു സഹായകമാകും. ഇതിന്റെ ഗുണം പ്രീമിയം കുറവിന്റെ രീതിയില്‍ ഉപഭോക്താക്കളിലേക്കും എത്തും എന്നു പ്രതീക്ഷിക്കാം.

(കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)