നീന്തൽക്കുളം, ബാത്ത് ടബ്, മിനി ഗോൾഫ് ഏരിയ, ഹെലിപാഡ് എന്നിവയെല്ലാമുള്ള ഒരു കാർ! ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറായ അമേരിക്കൻ ഡ്രീമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 1986-ൽ കലിഫോർണിയയിലെ ബർബാങ്കിൽ കാർ ഡിസൈനറായ ജെയ് ഓർബർഗ് നിർമിച്ച ഈ ഭീമാകാരമായ ലിമോസിൻ, അതിൻ്റെ അവിശ്വസനീയമായ നീളത്തിൻ്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്.

To advertise here,

ഒരേ സമയം 75-ൽ അധികം ആളുകളെ ഇതിന് വഹിക്കാൻ കഴിയും. കാറിനെക്കുറിച്ചുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഈയിടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വീണ്ടും ഈ വാഹനം ചർച്ചയാകുന്നത്. കാറിന്റെ അവിശ്വസനീയമായ വലുപ്പവും സവിശേഷതകളും കണ്ട് ആളുകൾ അത്ഭുതപ്പെട്ടു.

1986-ൽ കലിഫോർണിയയിലെ ബർബാങ്കിൽ ഓർബർഗാണ് ഈ കാർ ആദ്യമായി നിർമിച്ചത്. തുടക്കത്തിൽ ഇത് 60 അടി നീളമുള്ള ഒരു ലിമോസിൻ മാത്രമായിരുന്നു. 24 ചക്രങ്ങളും മുന്നിലും പിന്നിലുമായി രണ്ട് V8 എൻജിനുകളുമുള്ള ഈ കാർ കാഴ്ചയിൽ ഒരു അത്ഭുതം തന്നെയാണ്. എന്നാൽ ഓർബർഗ് അവിടെ നിർത്തിയില്ല. പിന്നീട് അദ്ദേഹം ഇതിനെ 100 അടി നീളത്തിലേക്ക് മാറ്റി. അതോടെ ഈ ഭീമൻ ലിമോ ലോകത്തിലെ ഏറ്റവും നീളമുള്ള കാറായി മാറി. 2003-ൽ ഗിന്നസ് റെക്കോർഡും നേടി.

ഒരു കണ്ടന്റ് ക്രിയേറ്റർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ തൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു: ‘ഇതാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ലിമോ. ഇതിൻ്റെ പുറകിൽ ഒരു ഹെലികോപ്റ്റർ ഇറക്കാൻ കഴിയുന്നത്ര നീളമുണ്ട്. ഇത് ഭ്രാന്തല്ലേ? ഈ ചക്രങ്ങളൊന്ന് നോക്കൂ. ഈ ലിമോസിനിൽ 24 ചക്രങ്ങളുണ്ട്. കാറിൻ്റെ പുറകിൽ ഒരു നീന്തൽക്കുളവും ഉണ്ട്. ഇതാണ് അതിൻ്റെ ഉൾഭാഗം. 75 പേർക്ക് വരെ ഇതിൽ ഇരിക്കാം. ഇതിന്റെ നീളം നോക്കൂ. എല്ലാ ചക്രങ്ങളും ഒരേ സമയം തിരിയുന്നു. 2003-ൽ ഏറ്റവും നീളം കൂടിയ കാർ എന്ന ലോക റെക്കോർഡ് ഇത് സ്ഥാപിച്ചു’.

ഒടുവിൽ, ടോം & ജെറിയിലെ ആ ലിമോ ഞങ്ങൾ കണ്ടെത്തിയെന്നായിരുന്നു  പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതിയത്. ഒരു വളവ് തിരിക്കുന്നത് വരെ ഇത് രസകരമായി തോന്നാം എന്ന് മറ്റൊരാൾ കുറിച്ചു. ഒരു ചെറിയ കല്യാണം നടത്താൻ മാത്രം വലുപ്പമുണ്ട് എന്നായിരുന്നു ഒരാളുടെ അഭിപ്രായം. അതേസമയം, “ഇതൊരു ഭ്രാന്താണെന്നായിരുന്നു മറ്റൊരു കമന്റ്.