ഗോൾഫ് ജി.ടി.ഐ എന്ന ഹോട്ട് ഹാച്ച്ബാക്ക് മോഡൽ ഇന്ത്യയിലേക്കെത്തിക്കാൻ ഒരുങ്ങി ഫോക്‌സ്‌വാഗണ്‍. 2025 ഓ​ഗസ്റ്റിൽ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഓട്ടോ കാർ ഇന്ത്യയാണ് റിപ്പോർട്ടു ചെയ്തത്. പൂർണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകളായിട്ടാകും ഗോൾഫ് ജി.ടി.ഐ ഇന്ത്യൻ നിരത്തുകളിലേക്കെത്തുക. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിച്ചിരുന്നു. 

To advertise here,

ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ആ​ഗോളവിപണിയിൽ എത്തിയത്. ചെറിയ കോസ്മെറ്റിക് മാറ്റങ്ങളോടൊപ്പം ഇൻഫൊടെയിൻമെന്റ് സോഫ്റ്റ് വെയറിലെ അപ്ഡേഷനും സഹിതമായിരുന്നു ആ വരവ്. വാഹനത്തിന്റെ കരുത്തും  കമ്പനി വർധിപ്പിച്ചു.

265 എച്ച്.പി ഉത്പാദിപ്പിക്കുന്ന 2.0 ഫോർ സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. മുൻപ് ഇത് 245 എച്ച്.പി ആയിരുന്നു. 370 എൻ.എം ടോർക്കിൽ മാറ്റമുണ്ടായില്ല. 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാനുള്ളത്. പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേ​ഗമെടുക്കാൻ വേണ്ടതോ വെറും 5.9 സെക്കൻഡ് മാത്രം. 250kph ആണ് ഉയർന്ന വേ​ഗത. 

ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവ ​ഗോൾഫിന്റെ സവിശേഷതയാണ്. 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീൽ, ജിടിഐ ബാഡ്ജുകൾ, മുന്നിൽ ഫോക്സ് വാ​ഗൺ ലോ​ഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും ചുവന്ന നിറത്തിൽ തിളങ്ങുന്ന എലമെന്റുകൾ, മാട്രിക്സ് എൽ.ഇ.ഡി ഹെഡ് ലാമ്പ്, 3D എൽ.ഇ.ഡി ടെയിൽ ലൈറ്റ് എന്നിവ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നു.  

placeholder
അപ്ഡേറ്റ് ചെയ്ത 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വോയ്സ് അസിസ്റ്റും ചാറ്റ് ജി.പി.ടിയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ടാർടൻ സീറ്റ് അപ്ഹോൾസ്റ്ററി, ജി.ടി.ഐ സ്റ്റീയറിങ്, പ്രത്യേക ​ഗ്രാഫിക്സോടു കൂടിയ ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇന്റീരിയറിലെ സവിശേഷതയാണ്. ഇന്ത്യയിലെത്തുമ്പോൾ ഗോൾഫ് ജിടിഐയുടെ വില ഏകദേശം 40 ലക്ഷം രൂപയായിരിക്കും.