എംപിവികളിലെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന വാഹനമാണ് ലെക്‌സസിന്റെ എല്‍എം 350 എച്ച് എന്ന മോഡല്‍. സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസായ ഈ വാഹനം ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ വിക്കി കൗശല്‍. ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്‌സസ് വിപണിയില്‍ എത്തിക്കുന്ന ഈ ആഡംബര എംപിവിക്ക് 3.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. രണ്‍ബീര്‍ കപൂര്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ഗ്യാരേജില്‍ മുന്‍പ് തന്നെ ഈ വാഹനം എത്തിയിട്ടുണ്ട്.

To advertise here,

അത്യാഡംബര ഫീച്ചറുകള്‍ കൊണ്ടാണ് ഈ വാഹനം ശ്രദ്ധേയമായിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമാണ് എല്‍എം 350 എച്ച് എംപിവിയുടെ അകത്തളം. ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിങ്, യു.എസ്.ബി. പോര്‍ട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറര്‍, ടില്‍റ്റ് അപ്പ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.

ടൊയോട്ട വെല്‍ഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ലെക്സസിന്റെ എല്‍.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. രൂപത്തില്‍ വെല്‍ഫയറിനോട് സാമ്യമുള്ള വാഹനമാണ് എല്‍.എം.350 എച്ചും. ക്രോമിയം സ്റ്റഡുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, വളരെ നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, മള്‍ട്ടി സ്പോക്ക് അലോവി വീലുകള്‍, സ്ലൈഡിങ് ഡോര്‍, കണക്ടഡ് ആയിട്ടുള്ള ടെയ്ല്‍ലാമ്പ് എന്നിങ്ങനെയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

ഹൈബ്രിഡ് എം.പി.വിയായാണ് എല്‍.എം.350 എച്ച് എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേര്‍ന്ന് 190 ബിഎച്ച്പി പവറും 240 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഈ വാഹനത്തിന്റെ നാല് സീറ്റര്‍ പതിപ്പാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്.