കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യത കൂടുതലായി ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിരുന്നു. ഇതിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു വെര്‍ച്വല്‍ ഷോറൂം സാങ്കേതികവിദ്യ. ഉപയോക്താവിന് വീട്ടിലിരുന്ന് തന്നെ ഷോറൂം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഈ സംവിധാനം ഇന്ത്യയിലെ മുന്‍നിര കമ്പനിയായ ടൊയോട്ടയും അവതരിപ്പിച്ചിരിക്കുകയാണ്. 

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവതരിപ്പിച്ച വെര്‍ച്വല്‍ ഷോറൂം സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ആവശ്യമായ വാഹനം വീട്ടിലിരുന്ന് കാണാനും ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ മനസിലാക്കാനും സാധിക്കും. ഇതിനുപുറമെ, വെര്‍ച്വല്‍ ഷോറൂമില്‍ നിന്ന് തന്നെ ഇഷ്ടവാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഇത് മികച്ച വാങ്ങല്‍ അനുഭവം ഒരുക്കുമെന്നുമാണ് ടൊയോട്ട അഭിപ്രായപ്പെടുന്നത്. 

വാഹനത്തിന് പണം അടയ്ക്കുന്നതിനായി വിവിധ പേമെന്റ് ഗേറ്റുകളുമായി വെര്‍ച്വല്‍ ഷോറൂമിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. എന്നാല്‍, വാഹനത്തിനായി നല്‍കുന്ന ഓഫറുകള്‍, ഫിനാന്‍സ് ഓപ്ഷനുകള്‍, ലോണ്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ വെര്‍ച്വല്‍ ഷോറൂമുമായി ഉടന്‍ സംയോജിപ്പിക്കുമെന്നും ടൊയോട്ട ഉറപ്പ് നല്‍കുന്നു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്.

വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശിക്കുന്നതിനായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. www.toyotabharat.com/virtual-showroom/ എന്ന ടൊയോട്ട ഭാരതിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വെര്‍ച്വല്‍ ഷോറൂം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കും. സ്മാട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്പ്‌ടോപ്പ്, തുടങ്ങി എത് ഡിവൈസിന്റെ സഹായത്തിലും ഒറ്റ ക്ലിക്കില്‍ വാഹനം വാങ്ങുന്നതിനുള്ള നടപടികള്‍ ലഭ്യമാക്കും. 

വാഹനത്തിന്റെ മോഡല്‍, എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും 360 ഡിഗ്രി വ്യൂ, വേരിയന്റ് സെലക്ഷന്‍, കളര്‍ ഓപ്ഷന്‍, എന്നിവയാണ് വെര്‍ച്വല്‍ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണിലെ ഓഗ്‌മെന്റല്‍ റിയാലിറ്റി സംവിധാനത്തിലൂടെ വാഹനം സ്വന്തം വീട്ടില്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ ദൃശ്യവും ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നതും ടൊയോട്ടയുടെ വെര്‍ച്വല്‍ ഷോറൂം സംവിധാനത്തിന്റെ സവിശേഷതയാണ്.

Content Highlights: Toyota Virtual Showroom, Digital Platform, Digital Showroom, Toyota Kirloskar Motor