ലൈഫ്-സ്റ്റൈൽ പിക്ക്അപ്പ് ട്രക്കായ ഹൈലക്സിന്റെ ബ്ലാക്ക് എഡിഷൻ, ഫോർച്യൂണർ ലെജൻഡർ 4x4 മാനുവർ വേരിയന്റ് എന്നിവയ്ക്ക് പിന്നാലെ 2025 മോഡൽ ഇന്നോവ ഹൈക്രോസ് പുറത്തിറക്കി ടൊയോട്ട. അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) എന്ന പുതിയ സുരക്ഷാസംവിധാനം ഹൈക്രോസിന്റെ ഹൈബ്രിഡ് മോഡലിൽ  നൽകിയുണ്ടെന്നതാണ് പ്രധാന സവിശേഷത. മെക്കാനിക്കലായോ ഫീച്ചറുകളുടെ കാര്യത്തിലോ മറ്റു മാറ്റങ്ങളൊന്നും 
2025 മോഡലിൽ ഇല്ല.

To advertise here,

അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) 

ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളിലാണ് ഈ സംവിധാനം ഉപയോ​ഗിക്കാറ്. ഇത്തരം വാഹനങ്ങൾ നിശബ്ദമായി ഓടുന്നതിനാൽ, പ്രത്യേകിച്ച് കുറഞ്ഞ വേ​ഗതയിലായിരിക്കുമ്പോൾ കാൽനടയാത്രക്കാർക്കും മറ്റുള്ളവർക്കും വാഹനത്തിന്റെ സാമിപ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായാണ് AVAS എത്തിയിരിക്കുന്നത്. 

വാഹനം കുറഞ്ഞ വേ​ഗതയിലായിരിക്കുമ്പോൾ AVAS സിസ്റ്റം, സാധാരണ പെട്രോൾ/ഡീസൽ എൻജിനുകൾക്ക് സമാനമായ കൃത്രിമ ശബ്ദം സൃഷ്ടിക്കും. ഇത് കാൽനടയാത്രക്കാർക്ക് ഉൾപ്പടെ മുന്നറിയിപ്പ് ലഭിക്കാൻ സഹായിക്കും. വാഹനത്തിന്റെ വേ​ഗത വർധിക്കുമ്പോൾ ഈ ശബ്ദം ഓട്ടോമാറ്റിക്കായി നിശബ്ദമാവുകയും ചെയ്യും. 

മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാത്ത രീതിയിലുള്ളതാണ് ഈ ശബ്ദമെന്നതും പ്രത്യേകതയാണ്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡലിന്റെ VX, VX(O), ZX, ZX(O) എന്നീ വേരിയന്റുകളിലാണ് AVAS ഉള്ളത്. 

മാറ്റമില്ലാതെ എൻജിനും മറ്റു ഫീച്ചറുകളും

ഹൈക്രോസ് 2025 മോഡലിൽ മറ്റു മാറ്റങ്ങളൊന്നും ടൊയോട്ട വരുത്തിയിട്ടില്ല. 360 ഡി​ഗ്രി ക്യാമറ, ആറ് എയർബാ​ഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, അഡാസ് ഫീച്ചറുകളായ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം,റിയർ ക്രോസ് ട്രാഫിക്ക് അലർട്ട്, ലേൻ അസിസ്റ്റ് എന്നിവയെല്ലാം ഈ ജനപ്രിയ മോഡലിന്റെ പ്രത്യേകതകളാണ്. 10.1 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം, 7ഇ‍ഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ എസി, വയർലെസ് ഫോൺ ചാർജ്, വെന്റിലേറ്റഡ്  മുൻ സീറ്റുകൾ എന്നിങ്ങനെ നീളുന്നു സവിശേഷതകൾ.  '

എൻജിനുകളും അതേപടി നിലനിർത്തിയിരിക്കുന്നു. പെട്രോള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് ഹൈക്രോസ് വിപണിയിലുള്ളത്. സ്റ്റാൻഡേർഡ് മോഡലിലുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്യുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ 173 പി.എസ്. പവറും 209 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി. ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 16.13 കിലോമീറ്ററാണ് ഇന്ധനക്ഷമത. 

2.0 സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എൻജിൽ മോഡലിൽ സെല്‍ഫ് ചാര്‍ജിങ്ങ് സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണുള്ളത്. ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഹൈബ്രിഡ് മോഡലില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമാണ് ഉള്ളത്. 23.24 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 19.09 ലക്ഷം രൂപ മുതൽ 31.34 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.