ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ കാംറിയുടെ വില 50,000 രൂപ വർധിപ്പിച്ചു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന (സി.കെ.ഡി.) വാഹനത്തിന്റെ വില ഇതോടെ 48.5 ലക്ഷം രൂപയായി (എക്‌സ്‌ഷോറൂം) ഉയർന്നു. 

To advertise here,

ആഗോള വിപണിയില്‍ 2023-ല്‍ അവതരിപ്പിച്ച കാംറിയാണ് ഒമ്പതാം തലമുറയായി 2024 ഡിസംബറിൽ ഇന്ത്യയില്‍ എത്തിച്ചത്. 'എലഗന്റ്' എന്ന ഒരൊറ്റ വേരിയന്റിൽ മാത്രമേ വാഹനം ലഭ്യമാകൂ. പ്ലാറ്റിനം വൈറ്റ് പേൾ എക്സ്റ്റീരിയർ നിറം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ അധികമായി 15,000 രൂപ നൽകേണ്ടിവരും.

ടി.എന്‍.ജി.എ-കെ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഒരു ഇലക്ട്രിക് മോട്ടോറുമായി യോജിപ്പിച്ച 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 227ബി.എച്ച്.പി. പവറും 220 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 88 കിലോവാട്ട് ഹൈബ്രിഡ് സംവിധാനമുള്ള വാഹനത്തിൽ, ഇ.സി.വി.ടിയാണ് ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത്.

12.3 ഇഞ്ച് ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, 3സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 9-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം തുടങ്ങീ ഒട്ടേറെ ഫീച്ചറുകളും വാഹനത്തിലുണ്ട്. 

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ട്രാഫിക് ജാം അസിസ്റ്റ്, ഓട്ടോമാറ്റിക് ബ്രേക്കിങ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉണ്ട്.