
ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്റെ ഉപയോഗത്തിനായി അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല സമ്മാനിച്ചിരുന്ന വാഹനം ലേലത്തില്‍ വയ്ക്കുന്നു. ടെസ്ലയുടെ മോഡല്‍ എസ് എന്ന വാഹനമാണ് കഴിഞ്ഞ ആറ് മാസമായി ചാള്‍സ് രാജകുമാരന് ഉപയോഗിച്ച് വന്നിരുന്നത്. 2021-ല്‍ നിര്‍മിച്ച ഈ വാഹനം ഇതിനോടകം 11265 കിലോമീറ്ററാണ് സഞ്ചരിച്ചിട്ടുള്ളത്.
ടെസ്ല മോഡല്‍ എസ് വാഹനത്തിന്റെ കാര്യക്ഷമത അനുഭവിച്ച് അറിയുന്നതിനായാണ് ടെസ്ല അദ്ദേഹത്തിന് ഈ കാര്‍ ഉപയോഗിക്കാന്‍ നല്‍കിയത്. എന്നാല്‍, ഈ വാഹനത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ട അദ്ദേഹം മുമ്പ് തീരുമാനിച്ചതിലും അധിക കാലം ഈ വാഹനം ഉപയോഗിക്കുകയായിരുന്നെന്നാണ് സൂചന. ടെസ്ല മോഡല്‍ എസിന് പുറമെ, ജാഗ്വാറിന്റെ ഇലക്ട്രിക്ക് മോഡലായ ഐ-പേസും അദ്ദേഹത്തിന്റെ പക്കലുണ്ട്.
അതേസമയം, രാജകുമാരന് ഉപയോഗിച്ച വാഹനമെന്നതിന്റെ പേരില്‍ അധിക നിരക്കുകള്‍ ഈടാക്കാതെ ആയിരിക്കും ഈ വാഹനം ടെസ്ല ലേലത്തിന് എത്തിക്കുകയെന്നാണ് വിവരം. 82,500 പൗണ്ടാണ് (ഏകദേശം 85 ലക്ഷം രൂപ) ബ്രിട്ടണില്‍ ഈ വാഹനത്തിന് നിര്‍മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള വില. ഈ വിലയില്‍ തന്നെയായിരിക്കും രാജകുടുംബം ഉപയോഗിച്ച ഈ വാഹനം ലേലത്തിന് എത്തിക്കുകയെന്നും സൂചനയുണ്ട്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടണിലെ വിപണിയില്‍ ഈ വാഹനം എത്തുന്നതിന് ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ചാള്‍സ് രാജകുമാരന് ഉപയോഗിച്ച ടെസ്ല മോഡല്‍-എസ് സ്വന്തമാക്കാന്‍ നിരവധി ആളുകള്‍ മുന്നിലേക്ക് വരുമെന്നും നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ടെസ്ലയുടെ ഇലക്ട്രിക് വാഹന നിരയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് മോഡല്‍-എസ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 651 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 249 കിലോമീറ്ററുള്ള ഈ ഇലക്ട്രിക് കരുത്തന് കേവലം 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും ടെസ്ല അവകാശപ്പെടുന്നു.
Content Highlights: Tesla Model-S Electric Car Used By Prince Charles Goes On Auction
Published: 16 Jul 2021, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented