ടാറ്റ ഹാരിയർ ഇവി ഇന്ത്യയിൽ പുറത്തിറക്കി. ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും ഉയർന്ന മോഡലാണ് ഹാരിയർ ഇവി. 2020-ൽ കമ്പനി നിർത്തലാക്കിയ സഫാരി സ്റ്റോമിന് ശേഷം ഓൾ-വീൽ ഡ്രൈവ് സംവിധാനം ലഭിക്കുന്ന ആദ്യ വാഹനം കൂടിയാണിത്.
ഡിസൈൻ
2023 മുതൽ നിരത്തിലുള്ള ഫേസ്‌ലിഫ്റ്റ് ഹാരിയറിന്റെ രൂപം തന്നെയാണ് ഇവിക്കും ഉള്ളത്. അതേസമയം, തങ്ങളുടെ മറ്റ് ഇവികൾക്ക് അനുസൃതമായ ഡിസൈൻ മാറ്റങ്ങൾ ഹാരിയർ ഇവിക്കും ടാറ്റ നൽകിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ക്ലോസ്ഡ്-ഓഫ് ഗ്രില്ലാണുള്ളത്. അതിന് താഴെയായി പരിഷ്കരിച്ച ബമ്പറും ഉണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ, ഫ്രണ്ട് ഡോറുകളിൽ 'EV' ബാഡ്ജിങ്ങ് ലഭിക്കുന്നു.
പുതിയ 19 ഇഞ്ച് എയ്റോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകൾ മികച്ച ലുക്ക് സമ്മാനിക്കുന്നു. സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ രണ്ട് എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും ഹാരിയർ ഇവിക്ക് കൂടുതലാണ്. എന്നാൽ 2741എംഎം വീൽബേസ് സമാനമാണ്. 502 ലിറ്ററാണ് ബൂട്ട് സ്പേസ്.
എംപവേർഡ് ഓക്സൈഡ്, നൈനിറ്റാൽ നോക്‌ടേൺ, പ്രിസ്റ്റിൻ വൈറ്റ്, പ്യുവർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകൾ വാഹനം ലഭ്യമാകും. ഇവയോടൊപ്പം ഹാരിയർ ഇവിയുടെ സ്റ്റെൽത്ത് എഡിഷനും ഉണ്ട്. അകത്തും പുറത്തും കറുപ്പ് നിറത്തിലുള്ള ഡിസൈൻ ഘടകങ്ങളാണ് ഇതിന്റെ പ്രത്യേകത. ഇത് ടാറ്റയുടെ മറ്റു വാഹനങ്ങളുടെ ഡാർക്ക് എഡിഷൻ മോഡലുകൾക്ക് സമാനമാണ്.
ഇന്റീരിയറും ഫീച്ചറുകളും
എക്സ്റ്റീരിയറിന് സമാനമായി, ഹാരിയർ ഇവിയുടെ ക്യാബിന് സ്റ്റാൻഡേർഡ് മോഡലിൽനിന്ന് വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡിന് മുകളിലുള്ള 14.53 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി ഡിസ്‌പ്ലേയാണ്. ഇത് മികച്ച ഇമേജ് ക്വാളിറ്റി നൽകും.
സ്ക്രീനിന്റെ വലതുവശത്ത് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. ടാറ്റ ലോഗോ ഉള്ള ഫോർ-സ്പോക്ക് സ്റ്റിയറിങ്ങ് വീലും കാണാംം. ടച്ച് അധിഷ്ഠിത കൺട്രോൾ പാനലുമുണ്ട്. സെന്റർ കൺസോളിന്റെ താഴെയായി ഒരു റോട്ടറി ഡ്രൈവ് മോഡ് സെലക്ടറും ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്കും കാണാം.
പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിങ്ങ്, വെന്റിലേറ്റഡ്, പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡോൾബി അറ്റ്മോസ് 5.1 ഉള്ള 10-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ഫംങ്ഷൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള ഓവർ-ദി-എയർ (OTA) അപ്ഡേറ്റുകൾ, കണക്റ്റഡ് കാർ ടെക്, നാല് ഡ്രൈവ് മോഡുകൾ, ഓൾ-ഡിജിറ്റൽ ഇൻസൈഡ് റിയർവ്യൂ മിറർ, ഓട്ടോ പാർക്ക് അസിസ്റ്റ്, ആറ് ടെറൈൻ മോഡുകൾ എന്നിവയും ഉൾപ്പെടുന്നു.
540-ഡിഗ്രി സറൗണ്ട് ക്യാമറ വ്യൂവും ലഭിക്കുന്നുണ്ട്. ഏതെങ്കിലും വീലുകൾക്ക് മുന്നിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ ഇതിലൂടെ കഴിയും. കൂടാതെ ഫാസ്ടാഗിനും ഇവി ചാർജിങ്ങ് പോയിന്റ് പേയ്‌മെന്റുകൾക്കും മൊബൈൽ ഫോൺ ആവശ്യമില്ലാത്ത പുതിയ ഡ്രൈവ്‌പേ ഫീച്ചറും ഇതിലുണ്ട്.
സുരക്ഷ
ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങൾക്കും പുറമെ, ഇന്ത്യയിലെ റോഡുകളുടെ സാഹചര്യങ്ങൾക്കായി പ്രത്യേകം ട്യൂൺ ചെയ്ത ലെവൽ 2 അഡാസും ടാറ്റ നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ചുറ്റുമുള്ള എല്ലാ ക്യാമറകളിൽനിന്നും കൃത്യമായ ദൃശ്യങ്ങൾ സ്ക്രീനിലൂടെ കാണാം. ഇത് ഓഫ്-റോഡിങ്ങ് സമയത്ത് വളരെ സഹായകമാകും. കൂടാതെ, ബിൽറ്റ്-ഇൻ ഡാഷ്കാം സെഗ്മെന്റ് ഫസ്റ്റ് സവിശേഷതയാണ്.
ബാറ്ററിയും കരുത്തും
കഴിഞ്ഞ വർഷം പഞ്ച് ഇവിയിലൂടെ അവതരിപ്പിച്ച ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഹാരിയർ ഇവിയിൽ ഉപയോഗിക്കുന്നത്. കർവ് ഇവിയിലും ഇതേ പ്ലാറ്റ്‌ഫോമാണുള്ളത്. ഹാരിയർ ഇവിയുടെ എൻട്രി ലെവൽ ട്രിമ്മുകളിൽ 65kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് റിയർ ആക്സിലിലെ ഒരു സിംഗിൾ മോട്ടോറിന് ശക്തി നൽകുന്നു. 238 എച്ച്.പിയാണ് കരുത്ത്. ഉയർന്ന ട്രിം ലെവലുകളിൽ, ഹാരിയർ ഇവിക്ക് 75kWh എൽഎഫ്പി ബാറ്ററിയും ഡ്യുവൽ മോട്ടോറുകളും ലഭിക്കുന്നു. ഇത് 396 എച്ച്.പി കരുത്തും 504 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
റേഞ്ച്
ഉയർന്ന മോഡലായ റിയർ വീൽ ഡ്രൈവ് (RWD) 75kWh വേരിയന്റിന് ഒറ്റ ചാർജിൽ 627 കിലോമീറ്ററാണ് റേഞ്ച്. 480-505 കിലോമീറ്റർ വരെ യഥാർത്ഥ റേഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. 7.2kW എസി ചാർജർ ഉപയോഗിച്ച് 10-100 ശതമാനം ചാർജ് ചെയ്യാൻ 10.7 മണിക്കൂർ വേണ്ടിവരും. അതേസമയം 120kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 20-80 ശതമാനം ചാർജ് ചെയ്യാൻ 25 മിനിറ്റ് മതി.
വിലയും എതിരാളികളും
ഹാരിയർ ഇവിയുടെ അടിസ്ഥാന RWD 65kWh വേരിയൻ്റിന് 21.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മറ്റ് മോഡലുകളുടെ വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇവികളായ XEV 9e, BE 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര എന്നിവയാകും പ്രധാന എതിരാളികൾ.
Content Highlights: Tata Harrier EV launched India
Published: 03 Jun 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented