ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പെർഫോമെൻസ് സെഡാനായ ഒക്ടാവിയ RS ഇന്ത്യയിലേക്കെത്താൻ ഒരുങ്ങുകയാണ്. വാഹനത്തിന്റെ ബുക്കിങ് സ്കോഡ ഇന്ത്യ ഈ ആഴ്ച ആദ്യം 2.50 ലക്ഷം രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിരുന്നു. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചിരുന്നുള്ളൂ.

To advertise here,

ഒക്ടോബർ 17-ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇവയെല്ലാം വിറ്റുപോയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഏകദേശം 50 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

വില പ്രഖ്യാപനത്തിന് ശേഷം ചില ബുക്കിങ്ങുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതിനാൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ലോഞ്ചിന് ശേഷം അടുത്തുള്ള സ്കോഡ ഡീലറുമായി ബന്ധപ്പെടാം.

ഒക്ടാവിയ RS

2024 മുതല്‍ വിദേശ നിരത്തുകളില്‍ എത്തിയ നാലാം തലമുറ പതിപ്പായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്. 2.0 ലിറ്റർ TSI പെട്രോൾ എൻജിനായിരിക്കും ഒക്ടാവിയ RS-ന് കരുത്ത് പകരുക. ഇത് 216 എച്ച്പി പവറും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.

ഏഴ് സ്പീഡ് DSG ഗിയർബോക്സാണുള്ളത്. 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. അതേസമയം, ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

RS ബാഡ്ജ് ആയതിനാൽ തന്നെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 15 മില്ലീമീറ്റർ താഴ്ന്ന ഗ്രൗണ്ട് ക്ലിയറൻസാണ് നൽകിയിരിക്കുന്നത്. ഇതിന്റെ സ്പോർട്ടി സ്വഭാവം വർധിപ്പിക്കുന്നതിനായി സ്റ്റാൻഡേർഡ് മോഡലിൽനിന്ന് വ്യത്യസ്തമായ ഒരു എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്.

എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഷാർപ്പായ ബോഡി ലൈനുകൾ എന്നിവയോടുകൂടിയ ഡിസൈനിലും കാറിന്റെ സ്പോർട്ടി ഭാവം പ്രതിഫലിക്കുന്നു.

സവിശേഷതകൾ

സ്പോർട്സ് സീറ്റുകൾ,  ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 12.9 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 11-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360-ഡിഗ്രി ക്യാമറ, 3-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, മസാജ് ഫംങ്ഷനോടുകൂടിയ പവേർഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ്, 10 എയർബാഗുകൾ, ADAS എന്നിവ ഉൾപ്പെടുന്നു.

ഉൾഭാഗം പൂർണമായും കറുപ്പ് നിറത്തിലുള്ള സ്വീഡ്, ലെതറെറ്റ് അപ്ഹോൾസ്റ്ററിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. മാംബ ഗ്രീൻ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ്, റേസ് ബ്ലൂ, വെൽവെറ്റ് റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും.