ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ പെർഫോമെൻസ് സെഡാനായ ഒക്ടാവിയ RS ഇന്ത്യയിലേക്കെത്താൻ തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ വില ഒക്ടോബർ 17-ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

To advertise here,

വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ്, ഒക്ടോബർ ആറിന് പ്രീ-ബുക്കിങ് ആരംഭിക്കും. RS-ന്റെ വിതരണം നവംബറിൽ ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി പരിമിതമായ എണ്ണത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ. ബ്രാൻഡിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ആകെ 100 യൂണിറ്റുകളേ വിൽക്കൂ.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകളാണിവ. 2024 മുതല്‍ വിദേശ നിരത്തുകളില്‍ എത്തിയ നാലാം തലമുറ പതിപ്പായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്.

2.0 ലിറ്റർ TSI പെട്രോൾ എൻജിനായിരിക്കും ഒക്ടാവിയ RS-ന് കരുത്ത് പകരുക. ഇത് 216 എച്ച്പി പവറും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് DSG ഗിയർബോക്സാണുള്ളത്.

6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. അതേസമയം, ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

RS ബാഡ്ജ് ആയതിനാൽ തന്നെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 15 മില്ലീമീറ്റർ താഴ്ന്ന ഗ്രൗണ്ട് ക്ലിയറൻസാണ് നൽകിയിരിക്കുന്നത്. ഇതിന്റെ സ്പോർട്ടി സ്വഭാവം വർധിപ്പിക്കുന്നതിനായി സ്റ്റാൻഡേർഡ് മോഡലിൽനിന്ന് വ്യത്യസ്തമായ ഒരു എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്.

എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഷാർപ്പായ ബോഡി ലൈനുകൾ എന്നിവയോടുകൂടിയ ഡിസൈനിലും കാറിന്റെ സ്പോർട്ടി ഭാവം പ്രതിഫലിക്കുന്നു.

അകത്ത്, സ്പോർട്സ് സീറ്റുകൾ, 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും മറ്റി ഒട്ടേറെ ഫീച്ചറുകളും ലഭിക്കുന്നു. ഏകദേശം 50 ലക്ഷം രൂപ സ്കോഡ ഒക്ടാവിയ RS-ന് വില പ്രതീക്ഷിക്കാം. അങ്ങനെയാണെങ്കിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ആയിരിക്കും പ്രധാന എതിരാളി.