ന്നോവയുടെ വിജയം തുടരാന്‍ എത്തിയിട്ടുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. ടൊയോട്ടയില്‍ ഇതുവരെ കാണാത്ത ഫീച്ചറുകളും ഇന്നോവയുടെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായ സൗന്ദര്യവും ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയുമായി എത്തിയിട്ടുള്ള വാഹനമാണ് ഹൈക്രോസ്. വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സൂപ്പര്‍ ഹിറ്റായ ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ മറ്റൊരു പേരിലും മേല്‍വിലാസത്തിലുമെത്തുമെന്ന് ഉറപ്പായി.

To advertise here,

ബൊലേനോ ഗ്ലാന്‍സയായത് പോലെ, ബ്രെസ-അര്‍ബന്‍ ക്രൂയിസര്‍ ആയതുപോലെയും അര്‍ബണ്‍ ക്രൂസിയറും ഗ്രാന്റ് വിത്താരയും ഒരുങ്ങിയത് പോലെ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ ആദ്യമെത്തിയ ഹൈക്രോസ് മാരുതിയുടെ ബാഡ്ജിങ്ങിലുമെത്തുമെന്നാണ് വിവരം. മാരുതിയുടെ ഇന്നോവ എന്ന ആലങ്കാരികമായി വിശേഷിപ്പിക്കാമെങ്കിലും, മാരുതി എത്തിക്കാനൊരുങ്ങുന്ന റീബാഡ്ജിങ്ങ് ഇന്നോവ ഹൈക്രോസിന്റെ പേര് ഇതുവരെയും പുറത്തുവന്നിട്ടില്ല.

2023 ഓഗസ്റ്റ് മാസത്തോടെയായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകെട്ടില്‍ ഒരുങ്ങിയതാണെങ്കിലും ഹൈറൈഡറും ഗ്രാന്റ് വിത്താരയും പോലെ വ്യത്യസ്തമായ ഡിസൈനിലായിരിക്കും മാരുതിയുടെ മേല്‍വിലാസത്തിലെ ഹൈക്രോസ് എത്തുകയെന്നാണ് വിവരം. അതേസമയം, ഹൈബ്രിഡ് ഉള്‍പ്പെടെ ഹൈക്രോസില്‍ ടൊയോട്ട നല്‍കിയിട്ടുള്ള സാങ്കേതികവിദ്യ മാരുതിയുമായി പങ്കുവയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.

സ്‌ട്രോങ്ങ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യ ടൊയോട്ടയെ സംബന്ധിച്ച് പുതുമയല്ലെങ്കിലും കൂട്ടാളിയായ മാരുതിക്ക് ഇത് പുതുമയാണ്. ഹൈക്രോസ് റീബാഡ്ജിങ്ങ് എത്തുന്നതോടെ മാരുതി വാഹനങ്ങളിലെ രണ്ടാമത്തെ ഹൈബ്രിഡ് മോഡലായിരിക്കും ഇത്. ടൊയോട്ടയുടെ ഹൈക്രോസില്‍ ഉറപ്പുനല്‍കിയിട്ടുള്ളതിന് സമാനമായി 21 കിലോമീറ്റര്‍ ഇന്ധനക്ഷമത തന്നെയായിരിക്കും മാരുതി സുസുക്കിയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്ന റീബാഡ്ജിങ്ങ് പതിപ്പിന്റെയും ഹൈലൈറ്റ്.

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ഹൈക്രോസ് എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

പെട്രോള്‍ എന്‍ജില്‍ മാത്രവും ഹൈക്രോസ് എത്തുന്നുണ്ട്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സി.വി.ടി. ഗിയര്‍ബോക്സാണ് യാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഹൈക്രോസ് എന്ന വാഹനം എത്തുകയെന്ന് ചുരുക്കം. ഇത് ഇന്ധനക്ഷമതയില്‍ കേമനാകും.

Source: CarDekho