കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് മോഡല്‍ സ്വന്തമാക്കി മാസങ്ങള്‍ക്കിപ്പുറം മറ്റൊരു സൂപ്പര്‍ എസ്.യു.വി. കൂടി എത്തിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പര്‍ സിനിമകളുടെ നിര്‍മാതാവായ ജോബി ജോര്‍ജിന്റെ ഗ്യാരേജില്‍. സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്.യു.വി. മോഡലായ ഉറുസാണ് ജോബി ജോര്‍ജിന്റെ വാഹന ശേഖരത്തിലേക്ക് എത്തിയിട്ടുള്ള പുതിയ അത്യാഡംബര വാഹനം. 3.15 കോടി രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 

To advertise here,

യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരാണ് മലയാള സിനിമ മേഖലയിലെ ഉറുസ് ഉടമകള്‍. ഇവര്‍ക്ക് പിന്നാലെയാണ് നിര്‍മാതാവായ ജോബി ജോര്‍ജും ഈ സൂപ്പര്‍ എസ്.യു.വി. സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയത് സംബന്ധിച്ച സൂചന നല്‍കുന്ന വീഡിയോ അദ്ദേഹം തന്നെ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിറം തന്നെയാണ് ഈ നിര്‍മാതാവ് സ്വന്തമാക്കിയ ഉറുസിന്റെ സവിശേഷത. റോസോ മാര്‍സ് ഫിനീഷിങ്ങിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

സ്പോര്‍ട്സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ളതിനാലാണ് ഉറുസിനെ 'സൂപ്പര്‍ എസ്.യു.വി.' എന്ന് വിശേഷിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യമാണ് ജോബി ജോര്‍ജിന്റെ ഗ്യാരേജിലേക്ക് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് മോഡല്‍ എത്തിയത്. 3.85 കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന റോള്‍സ് റോയസിന്റെ ഗോസ്റ്റ് എന്ന ലക്ഷ്വറി മോഡലും ജോബി ജോര്‍ജിന്റെ വാഹന ശേഖരത്തിലെ ഹൈലൈറ്റാണ്. അടുത്തിടെ പേരിന് സമാനമായി നമ്പര്‍ ആലേഖനം ചെയ്ത റേഞ്ച് റോവറിന്റെ ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.