ഡിഫന്‍ഡര്‍ ലൈനപ്പില്‍ ഇതുവരെ എത്തിയിട്ടുള്ള മറ്റെല്ലാ മോഡലുകളെക്കാളും വലിപ്പം കുറഞ്ഞ പതിപ്പായിരിക്കും ഇലക്ട്രിക് ഡിഫന്‍ഡര്‍

ആഡംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവർ അവരുടെ ഐതിഹാസിക മോഡലായിരുന്ന ഡിഫൻഡറിനെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചപ്പോൾ കമ്പനിയുടെ വിദൂര സങ്കൽപ്പത്തിൽ പോലും ഈയൊരു സ്വീകാര്യത പ്രതീക്ഷിച്ച് കാണില്ല. അതുകൊണ്ടുതന്നെയാണ് ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പിൽ ഡിഫൻഡർ എസ്‌യുവിയേയും കൂടെ കൂട്ടാൻ ലാൻഡ് റോവർ തീരുമാനിച്ചത്. അടുത്ത വർഷത്തോടെ ഡിഫൻഡർ ഇലക്ട്രിക് കരുത്തിലും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഡിഫൻഡർ സ്‌പോട്ട് എന്ന പേരിലായിരിക്കും ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കുക. ഡിഫൻഡർ ലൈനപ്പിൽ ഇതുവരെ എത്തിയിട്ടുള്ള മറ്റെല്ലാ മോഡലുകളെക്കാളും വലിപ്പം കുറഞ്ഞ പതിപ്പായിരിക്കും ഇലക്ട്രിക് ഡിഫൻഡർ എന്നാണ് സൂചനകൾ. ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഡിഫൻഡർ ഇലക്ട്രിക്കിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ യുകെയിൽ ആരംഭിച്ചതായാണ് വിവരം. ഡിഫൻഡർ 90-യെക്കാൾ വലിപ്പം കുറഞ്ഞ വാഹനമാണ് ഡിഫൻഡർ സ്‌പോട്ട്.
ജെഎൽആറിന്റെ പുതിയ ബ്രാന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഡിഫൻഡറിനെ ഒരു സ്വതന്ത്ര ബ്രാന്റായി പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ഉത്പന്നമായിരിക്കും ഡിഫൻഡർ ഇലക്ട്രിക്. പുതിയ ഇലക്ട്രിക് പതിപ്പിന്റെ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ, ഇതിന്റെ ലോഞ്ച് സംബന്ധിച്ച കൃത്യമായ സമയം വെളിപ്പെടുത്താൻ ഇപ്പോൾ സാധിക്കില്ലെന്നാണ് ഡിഫൻഡർ ബ്രാന്റ് ഡയറക്ടർ മാർക്ക് കാമറണിനെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജെഎൽആറിന്റെ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയാണ് ഡിഫൻഡർ സ്‌പോട്ട് നിർമിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക്, വെലാർ തുടങ്ങിയ മോഡലുകളും ഇലക്ട്രിക് കരുത്തിൽ എത്തിയേക്കും. ഡിഫൻഡർ സ്‌പോട്ടിന്റെ നീളം 4.5 മീറ്ററിനുള്ളിൽ ആയിരിക്കും. പ്ലാറ്റ്‌ഫോമിന് താഴെയായിരിക്കും ബാറ്ററിയുടെ സ്ഥാനം. ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സംവിധാനത്തിലൂടെ ഫോർ വീൽ ഡ്രൈവ് മോഡലായും ഡിഫൻഡർ ഇലക്ട്രിക് എത്തിക്കാൻ കഴിയുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
ഡിഫൻഡർ ബ്രാന്റിലെ ഇലക്ട്രിക് മോഡലായ ഡിഫൻഡർ സ്‌പോട്ട് എത്തുന്നുണ്ടെങ്കിലും നിലവിലെ ഡിഫൻഡർ വാഹനങ്ങളും വിപണിയിൽ തുടരും. ഇലക്ട്രിക് വാഹനങ്ങളോടുള്ള വിവിധ വിപണികളുടെ സമീപനമാണ് പെട്രോൾ, ഡീസൽ, ഹൈബ്രിഡ് ഓപ്ഷനുകൾ നിലനിർത്തുന്നതിന് കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഡിഫൻഡറിന്റെ ഏറ്റവും വലിയ വിപണിയായ യുഎസിലും യുകെയിലും ഉൾപ്പെടെ ഇപ്പോഴും ഡീസൽ മോഡലിനാണ് ഡിമാന്റ്.
Content Highlights: New all-electric model named 'Defender Sport'., Built on JLR's new Electric Modular Architecture (EMA)., Features a compact design, smaller than the current Defender 90., Expected to feature a dual-motor, four-wheel-drive system., Existing petrol, diesel, and hybrid models will continue to be sold.
Published: 03 Mar 2026, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented