കരാർ പ്രകാരം 15,000 യൂറോയ്ക്കു മുകളിൽ (16.40 ലക്ഷം രൂപ) വിലയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിർമിച്ച കാറുകൾക്ക് തുടക്കത്തിൽ 30 മുതൽ 35 ശതമാനം വരെയാകും തീരുവ.

മുംബൈ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ (ഇ.യു.) വ്യാപാരക്കരാർ പ്രാബല്യത്തിലായ ഉടൻ യൂറോപ്പിൽനിന്നുള്ള കമ്പനികളുടെ കാർവിലയിൽ വലിയ കുറവുണ്ടായേക്കില്ലെന്ന് കമ്പനികൾ. അതേസമയം, കൂടുതൽ പ്രീമിയം മോഡലുകളും നൂതന സാങ്കേതികവിദ്യകളും ഇന്ത്യയിലേക്കെത്താൻ ഇതുവഴിയൊരുക്കുമെന്ന് കമ്പനികൾ പ്രതികരിച്ചു. നിലവിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് 70 മുതൽ 110 ശതമാനം വരെയാണ് തീരുവ. ഇത് അഞ്ചുവർഷംകൊണ്ട് പത്തുശതമാനമായി കുറയും. ഇതിനായി 2.5 ലക്ഷം കാറുകളുടെ വാർഷിക ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്.
ഘട്ടംഘട്ടമായി തീരുവയിളവ് നടപ്പാക്കുന്നതിന്റെയും ക്വാട്ട പരിധിയുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കും വിലയിൽ മാറ്റമുണ്ടാകുക. കരാർ പ്രകാരം 15,000 യൂറോയ്ക്കു മുകളിൽ (16.40 ലക്ഷം രൂപ) വിലയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിർമിച്ച കാറുകൾക്ക് തുടക്കത്തിൽ 30 മുതൽ 35 ശതമാനം വരെയാകും തീരുവ. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വർഷംകൊണ്ടിത് പത്തു ശതമാനമായി കുറയ്ക്കും. വൈദ്യുതവാഹനങ്ങൾക്ക് അഞ്ചാം വർഷത്തിലാണ് ക്വാട്ട സംവിധാനം നിലവിൽ വരുക.
പൂർണമായി നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കിറ്റുകൾക്ക് (സി.കെ.ഡി.) നിലവിലെ തീരുവ തുടരും. നിലവിൽ പൂർണമായി നിർമിച്ച് ഇറക്കുമതിചെയ്യുന്ന 40,000 ഡോളർ വരെ വിലവരുന്ന കാറുകൾക്ക് 70 ശതമാനം കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. 40,000 ഡോളറിനുമുകളിൽ വിലയുള്ളവയ്ക്ക് അധികമായി 40 ശതമാനം കാർഷിക പശ്ചാത്തലവികസന സെസും ചുമത്തുന്നു. കിറ്റുകൾ (സി.കെ.ഡി.) ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുമ്പോൾ 16.5 ശതമാനം മാത്രമാണ് തീരുവ.
പുതിയ സാങ്കേതികവിദ്യകൾ വേഗം ഉപഭോക്താക്കളിലേക്കെത്തിക്കാൻ കരാർ സഹായിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എം.ഡി.യും സി.ഇ.ഒ.യുമായ സന്തോഷ് അയ്യർ പറഞ്ഞു. കമ്പനി രാജ്യത്തു വിൽക്കുന്ന 90 ശതമാനം കാറുകളും പ്രാദേശികമായി നിർമിക്കുന്നതാണ്. അഞ്ചു ശതമാനം മാത്രമാണ് പൂർണതോതിൽ യൂറോപ്യൻ യൂണിയനിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽ വാഹനങ്ങളുടെ വിലയിൽ വലിയമാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.എം.ഡബ്ല്യു. ഗ്രൂപ്പ് 95 ശതമാനം വാഹനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കുന്നെന്ന് പ്രസിഡന്റും സി.ഇ.ഒ.യുമായ ഹർദീപ് സിങ് ബ്രാർ വ്യക്തമാക്കി. അതേസമയംതന്നെ പുതിയ ഉത്പന്നങ്ങൾ വേഗം വിപണിയിലേക്കെത്തിക്കാൻ കരാർ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരാറിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചശേഷമേ വിലയിലെ മാറ്റം സംബന്ധിച്ച് പറയാനാകൂവെന്ന് ഔഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിങ് ധില്ലൻ പ്രതികരിച്ചു.
Content Highlights: India-EU trade deal to reduce car import duties over 5 years. Expect premium models & tech sooner. Learn about quotas & pricing impacts.
Published: 29 Jan 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented