ഹ്യുണ്ടായി വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ  വാഹനത്തിന്റെ പെര്‍ഫോമെന്‍സ് മോഡല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. വെന്യുവിന്റെ പെര്‍ഫോമെന്‍സ് മോഡലായ എന്‍ ലൈന്‍ പതിപ്പിന്റെ ചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടത്. മുന്‍ഗാമികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് എന്‍ലൈനിന്റെ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. എന്നാല്‍, വരവിനൊരുങ്ങുന്ന റെഗുലര്‍ വെന്യുവുമായി ഡിസൈന്‍ സവിശേഷതകള്‍ പങ്കിടുന്നുമുണ്ട്.

To advertise here,

ശരിക്കും സ്‌പോര്‍ട്ടി

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ എതിരാളികളെ പിന്നിലാക്കാന്‍ പോന്ന ഡിസൈന്‍ മികവോടെയാണ് പുതിയ വെന്യു നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ ചുവടുപിടിച്ച് തന്നെയാണ് എന്‍ ലൈന്‍ പതിപ്പും ഒരുക്കിയിരിക്കുന്നത്. വെന്യുവിന്റെ റെഗുലര്‍ മോഡലുമായി ഡിസൈന്‍ സവിശേഷതകള്‍ പങ്കിടുമ്പോഴും സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനുള്ള അലങ്കാരങ്ങള്‍ ഈ വാഹനത്തില്‍ അധികമായി നല്‍കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള എന്‍ലൈന്‍ എക്‌സ്‌ക്ലുസീവ് ബമ്പറുകള്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്ല് വിത്ത് എന്‍ ലൈന്‍ ലോഗോ, മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള എന്‍ലൈന്‍ ഡാര്‍ക്ക് മെറ്റാലിക് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്റിക്കേറ്റര്‍, ബോഡി കളര്‍ വീല്‍ ആര്‍ച്ച് ക്ലാഡിങ്, സൈഡ് സില്‍ ഗാര്‍ണിഷ് വിത്ത് റെഡ് ഹൈലൈറ്റ്, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയില്‍, എന്‍ ബാഡ്ജിങ് നല്‍കിയിട്ടുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, റെഡ് ബ്രേക്ക് കാലിപ്പര്‍, വിങ് സ്‌പോയിലര്‍, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

അകത്തളവും ക്ലാസാണ്

റെഗുലര്‍ വെന്യുവില്‍ നിന്ന് വ്യത്യസ്തമായ അകത്തളമാണ് എന്‍ ലൈനില്‍ നല്‍കിയിട്ടുള്ളത്. പെര്‍ഫോമെന്‍സ് വാഹനങ്ങളിലേതിന് സമാനമായാണ് ഇതിന്റെ രൂപകല്‍പ്പന. കറുപ്പ് നിറത്തിനൊപ്പം ചുവപ്പ് അലങ്കാരങ്ങളാണ് അകത്തളത്തിന്റെ സ്‌പോര്‍ട്ടി ഭാവം പകരുന്നത്. സ്‌പോര്‍ട്ടി ഭാവത്തിനൊപ്പം ഉയര്‍ന്ന കംഫര്‍ട്ടും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി അവകാശപ്പെടുന്നത്.

സ്‌പോര്‍ട്ടി ബ്ലാക്ക് നിറമാണ് സീറ്റുകള്‍ക്കും റൂഫ് ലൈനേഴ്‌സിനും ഡാഷ്‌ബോര്‍ഡിലുമെല്ലാം നല്‍കിയിരിക്കുന്നത്. സീറ്റില്‍ ഉള്‍പ്പെടെ ചുവപ്പ് നിറത്തിലുള്ള എന്‍ ബാഡ്ജിങ്ങും സ്റ്റിച്ചിങ്ങുകളും നല്‍കിയിട്ടുണ്ട്. എന്‍ ലൈന്‍ എക്‌സ്‌ക്ലുസീവ് സ്റ്റിയറിങ് വീല്‍, എന്‍ ലൈന്‍ ഗിയര്‍ ഷിഫ്റ്റ് നോബ്, സ്‌പോര്‍ട്ടി മെറ്റല്‍ പെഡലുകള്‍, ക്രാഷ് പാഡ്, സെന്റര്‍ കണ്‍സോള്‍ എന്നിവിടങ്ങളില്‍ നല്‍കിയിട്ടുള്ള സണ്‍റൈസ് റെഡ് ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ നീളും അകത്തളത്തിന്റെ സവിശേഷതകള്‍.

സുരക്ഷയില്‍ നോ കോംപ്രമൈസ്

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ സംവിധാനങ്ങളാണ് ഹ്യുണ്ടായി വാഹനങ്ങളുടെ മുഖമുദ്ര. വെന്യു എന്‍ ലൈനും സുരക്ഷയില്‍ ബഹുകേമനാണ്. 21 സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെ വികസിപ്പിച്ചിരിക്കുന്ന ലെവല്‍ 2 അഡാസ് സ്യൂട്ടാണ് വെന്യുവിലുള്ളത്. 70 അഡ്വാന്‍സ്ഡ് സുരക്ഷ ഫീച്ചറുകളും 41 അടിസ്ഥാന സുരക്ഷ സംവിധാനങ്ങളുമാണ് ഈ എസ്ുവിയിലുള്ളത്. ഇലക്ട്രാണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ പോലെയുള്ള സംവിധാനങ്ങളും വെന്യു എന്‍ ലൈനില്‍ നല്‍കുന്നുണ്ട്.

പവര്‍ഫുള്‍ എന്‍ജിന്‍

മെക്കാനിക്കലായുള്ള മാറ്റം ഇത്തവണ ഹ്യുണ്ടായിയുടെ അജണ്ടയില്‍ ഇല്ലാത്ത കാര്യമായിരുന്നു. വെന്യുവിലേത് പോലെ തന്നെ എന്‍ ലൈനിലും മുന്‍ മോഡലിലെ അതേ എന്‍ജിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. കാപ്പ 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനാണ് ഇത്. 120 പിഎസ് പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്.