
അറ്റംകാണാത്ത വിധം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ അതിവേഗ പാത. മുന്നിലെ ഡിജിറ്റല്‍ മീറ്ററില്‍ സംഖ്യാശാസ്ത്രം ഇളകിമറിഞ്ഞു. രണ്ടക്കത്തില്‍നിന്ന് മൂന്നക്കമായി അത് മുന്നോട്ടു കുതിച്ചു. ഉറപ്പിച്ചുപിടിച്ച സ്റ്റിയറിങ്ങിന് ഒരു ഇളക്കംപോലുമില്ല.... കൊറിയക്കാരുടെ പുതിയ അവതാരപ്പിറവിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു അവിടെ. പണ്ടേ 'വെര്‍ണ' സുന്ദരിയാണ്. ആറ് തലമുറ കഴിയുമ്പോള്‍ ആ സൗന്ദര്യം ഒന്നുകൂടി വര്‍ധിച്ചു. പുതിയ സാങ്കേതികത്തികവു കൂടിയാകുമ്പോള്‍ അടുത്ത ലെവലിലേക്ക് മാറിയിരിക്കുകയാണ് പുതിയ 'വെര്‍ണ'.
രൂപത്തില്‍ വരെ മാറ്റം
'ട്യൂസോണ്‍', 'അയണിക്' എന്നിവയില്‍നിന്നു തുടങ്ങിയ പുതിയ ശരീരഭാഷയായ 'സെന്‍സസ് സ്‌പോര്‍ട്ടിനെസ്' എന്ന ഡിസൈന്‍ ഭാഷ്യമാണ് പുതിയ 'വെര്‍ണ'യിലും കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ രൂപത്തില്‍ പൂര്‍ണമായ മാറ്റം വന്നു. മുന്നില്‍നിന്ന് കണ്ടാല്‍ പുതിയ പാരാമെട്രിക് ജുവല്‍ ഗ്രില്ലും മുഖംനിറയെ നീണ്ടുകിടക്കുന്ന ഡി.ആര്‍.എല്ലും ഒഴുകിയിറങ്ങുന്ന ബോണറ്റുമെല്ലാം ഇത് 'വെര്‍ണ'തന്നെയാണോ എന്ന് ചോദിപ്പിക്കും.
വശക്കാഴ്ചയിലാണ് 'വെര്‍ണ' ഒരു 'കൂപ്പെ'യാണോ എന്ന ചോദ്യമുയര്‍ത്തുന്നത്. ഒരു പൂര്‍ണ പ്രീമിയം കാറിന്റെ രൂപമാണ് വശക്കാഴ്ചയില്‍ വരുന്നത്. വാതില്‍പ്പിടികള്‍ മറ്റു കമ്പനികള്‍ ഉള്ളിലൊളിപ്പിക്കാന്‍ നോക്കുമ്പോള്‍ ഹ്യുണ്ടായ് അത് ഒന്നുകൂടെ പുറത്തേക്ക് കൊണ്ടുവന്നു. പതിനഞ്ചും പതിനാറും ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. ഉയര്‍ന്ന വേരിയന്റില്‍ എത്തുമ്പോള്‍ കറുപ്പായി മാറും. പിന്‍കാഴ്ചയും വ്യത്യസ്തമാണ്. വലിയ 'ഹ്യുണ്ടായ്' ലോഗോ മുന്നിലും പിന്നിലും. 528 ലിറ്ററാണ് ബൂട്ട് സ്‌പേസ്.
അകത്തളം അതിസുന്ദരം
1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോടുകൂടിയ ഏറ്റവും ഉയര്‍ന്ന വകഭേദമായിരുന്നു ടെസ്റ്റ് ഡ്രൈവിന് കിട്ടിയത്. കറുപ്പും ചുവപ്പും ഒന്നുചേരുന്ന നിറഭേദമായിരുന്നു ഉള്ളില്‍. ഡാഷ്‌ബോര്‍ഡില്‍ 10.25 ഇഞ്ചിന്റെ രണ്ട് ഡിസ്പ്ലേകള്‍ ചേര്‍ന്നിരിക്കുന്നു. ഒന്ന് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമാണ്. 'ഹ്യുണ്ടായി'യുടെ ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ഫീച്ചറുകളും ഇതിലുണ്ട്. സിനിമാ തിയേറ്ററിന്റെ ആസ്വാദനം നല്‍കുന്ന എട്ട് ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഉള്ളിലുള്ളത്. മൂന്നു വ്യത്യസ്ത മോഡുകള്‍ അവതരിപ്പിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ കണ്‍ട്രോളുകള്‍ നടുവിലെ എ.സി. വെന്റുകള്‍ക്ക് തൊട്ടു താഴെയുണ്ട്. ഒന്നു തൊട്ടാല്‍ ഇത് ഇന്‍ഫൊടെയ്ന്‍മെന്റ് പാനലാകും.
ഇരിപ്പ് രാജകീയം
വിശാലമായ കാബിന്‍, ഉയരമുള്ളവര്‍ക്കു പോലും തല തട്ടാതെയിരിക്കാം. മുന്‍ഗാമിയെക്കാള്‍ 70 മില്ലിമീറ്റര്‍ അധിക നീളമുണ്ട്. മുന്‍വശത്തെ സീറ്റുകള്‍ ഹീറ്റഡ്, വെന്റിലേറ്റഡാണ്. പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിങ്ങിനുള്ള ടില്‍റ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയും ഒത്തുചേരുന്നു. ഇലക്ട്രിക്കല്‍ സണ്‍റൂഫുമുണ്ട്. 64 നിറങ്ങളില്‍ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിങ്ങാണ് മറ്റൊരു പ്രത്യേകത.
'അഡാസ്' അഡാറാണ്
പ്രീമിയം കാറുകളെ വെല്ലുവിളിക്കുന്ന ലെവല്‍ ടു 'അഡാസാ'ണ് 'വെര്‍ണ'യില്‍ വരുന്നത്. ക്യാമറയും റഡാറും ഒരുപോലെ പ്രവര്‍ത്തിച്ച് ഡ്രൈവറുടെ പണി കുറയ്ക്കുന്നതാണിത്. കൈവിട്ടും കാല്‍വിട്ടുമൊക്കെ അതിവേഗപാതയില്‍ പരീക്ഷണം നടത്തിയപ്പോള്‍ ഒരുപിടിപോലും വിട്ടുവീഴ്ചയില്ലാതെ വെര്‍ണ ഓടി.
കരുത്തിലും കരുത്തന്‍
രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പുതിയ 'വെര്‍ണ'യ്ക്കുള്ളത്. 115 ബി.എച്ച്.പി.യില്‍ 144 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് യൂണിറ്റാണ് ഒന്ന്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഓട്ടോമാറ്റിക്) എന്നിവയുമാണ് ചേര്‍ത്തിരിക്കുന്നത്. 158 ബി.എച്ച്.പി.യില്‍ 253 എന്‍.എം. ടോര്‍ക്ക് നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനാണ് രണ്ടാമത്തേത്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡി.സി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണുള്ളത്. 10.99 ലക്ഷം രൂപ മുതല്‍ തുടങ്ങുന്ന വിലയും ഭേദമാണ്.
Content Highlights: Hyundai new verna, Hyundai Verna sixth generation model, Hyundai Verna launched in India
Published: 24 Apr 2023, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented