ഥാര്‍ മുതല്‍ ഇങ്ങോട്ട് മഹീന്ദ്രയില്‍നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളെല്ലാം ഉപയോക്താക്കള്‍ കാത്തിരുന്നു സ്വന്തമാക്കിയവയാണ്. വാഹനം ബുക്കുചെയ്ത് ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ കഴിയാതെ ഉപയോക്താക്കള്‍ക്ക് വാഹനം കൈയില്‍ കിട്ടാറില്ലെന്നതാണ് വസ്തുത. ഈ കീഴ്‌വഴക്കം ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലെങ്കിലും മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ബുക്കുചെയ്ത് കാത്തിരിക്കേണ്ടത് ആറ് മാസത്തോളമാണ്.
ഇലക്ട്രിക് ഒണ്‍ലി പ്ലാറ്റ്‌ഫോമില്‍ ഫീച്ചര്‍ സമ്പന്നമായി ഒരുങ്ങിയ ഈ വാഹനത്തിന് ഉയര്‍ന്ന ബുക്കിങ്ങാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. ഇതില്‍ തന്നെ എസ്‌യുവി മോഡലായ എക്‌സ്ഇവി 9ഇ മോഡലാണ് കൂടുതല്‍ ആളുകള്‍ ബുക്കുചെയ്തിരിക്കുന്നത്. ആകെ ലഭിച്ച ബുക്കിങ്ങില്‍ 59 ശതമാനം ഈ വാഹനത്തിനാണ്. ശേഷിക്കുന്ന 41 ശതമാനമാണ് ബിഇ 6 മോഡല്‍ നേടിയിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീ ആണ് കൂടുതല്‍ ആളുകളും തിരഞ്ഞെടുത്തിരിക്കുന്നത്.
മാര്‍ച്ച് 20-നാണ് ഈ രണ്ട് വാഹനങ്ങളുടെയും വിതരണം മഹീന്ദ്ര ആരംഭിച്ചത്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 3000 യൂണിറ്റിന്റെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഏതാനും മേഖലകളില്‍ മാത്രമാണ് ആറ് മാസം വരെ കാത്തിരിപ്പുള്ളതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ബുക്ക് ചെയ്തുള്ള കാത്തിരിപ്പ് പരമാവധി കുറയ്ക്കുന്നതിനായി വേഗത്തിലുള്ള വിതരണം ഉള്‍പ്പെടെ നിരവധി നടപടികളാണ് കമ്പനി സ്വീകരിക്കുന്നതെന്നുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ.6, എക്‌സ്ഇവി 9ഇ മോഡലുകള്‍ എത്തുന്നത്. ബിഇ 6-ന്റെ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ്. അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര എക്സ്ഇവി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇയുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബിഇ6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90 ലക്ഷം രൂപയും വിലയാകും.
59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളിലാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പിഎസ് പവറും 380 എന്‍എം ടോര്‍ക്കുമേകും. ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്ഇവി 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബിഇ6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.
Content Highlights: Mahindras new electric SUVs BE6 and XEV 9e face 6 month delivery waits despite high demand
Published: 10 Apr 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented