ജിഎസ്ടി വിലക്കുറവിന്റെ പൂര്‍ണനേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് മാരുതി സുസുക്കി.

പ്രതീകാത്മക ചിത്രം
കൊച്ചി: ചരക്ക്-സേവന നികുതി(ജിഎസ്ടി)യില്‍ ഇളവ് വന്നതോടെ വാഹനമേഖലയില്‍ വിലക്കുറവിന്റെ ആഘോഷമാണ്. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയം കൂടിയാണ്. വാഹനത്തിന്റെ വിലക്കുറവിനൊപ്പം റോഡ് നികുതിയിലടക്കം വരുന്ന കുറവ് ഉപഭോക്താക്കള്‍ക്ക് ലോട്ടറിയാണ്. എല്ലാ കമ്പനികളും തങ്ങളുടെ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയില്‍ കാര്യമായ കുറവാണ് വരുത്തിയിരിക്കുന്നത്. ചില കാറുകള്‍ക്ക് വില 10 ലക്ഷം രൂപയില്‍ താഴെ എത്തിയതും ഉപഭോക്താക്കള്‍ക്ക് ഇരട്ടിനേട്ടമാണ്. ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറച്ചത്. വാഹനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും പരമാവധി വിലക്കുറവും എന്തൊക്കെയാണെന്ന് നോക്കാം.
താങ്ങാവുന്ന വിലയില്‍ വാഹനം
സ്വന്തമായൊരു വാഹനം സ്വപ്നം കാണുന്നവര്‍ക്ക് താങ്ങാവുന്ന വിലയില്‍ കാറുകള്‍ ലഭ്യമായിത്തുടങ്ങി. ആദ്യമായി വാഹനം വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതായി പോപ്പുലര്‍ ഹ്യൂണ്ടായ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ബി. ബിജു പറഞ്ഞു.
മുന്‍മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്യൂണ്ടായിയുടെ ഉപഭോക്താക്കളില്‍ 30-40 ശതമാനം വരെയാണ് വര്‍ധന. ജിഎസ്ടി പരിഷ്‌ക്കരണത്തിലൂടെ മോഡലുകള്‍ അനുസരിച്ച് ഹ്യൂണ്ടായ് 60,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് വില കുറച്ചിട്ടുള്ളത്.
നേട്ടം ഇത്രവരെ
ഗ്രാന്‍ഡ് ഐ10 നിയോസ് 73,808 രൂപ, ഓറ 78,465 രൂപ, എക്സ്റ്റര്‍ 89,209 രൂപ, ഐ20 98,053 രൂപ(എന്‍ ലൈന്‍ 1.08 ലക്ഷം രൂപ), വെന്യൂ 1.23 ലക്ഷം (എന്‍ ലൈന്‍ 1.19 ലക്ഷം രൂപ), ക്രെറ്റ 72,145 രൂപ (എന്‍ലൈന്‍ 71762 രൂപ) വെര്‍ണ 60,640 രൂപ, അല്‍കസാര്‍ 75,376 രൂപ, ടൂസോണ്‍ 2.4 ലക്ഷം രൂപ.
ഹാച്ച് ബാക്കില്‍നിന്ന് എസ്‌യുവിയിലേക്ക്
ജിഎസ്ടി പരിഷ്‌ക്കരണത്തിലൂടെ ടൊയോട്ട വാഹനങ്ങളുടെ സെഗ്മെന്റ് അനുസരിച്ച് 3.5 ലക്ഷം രൂപ വരെയുള്ള കുറവാണ് നല്‍കുന്നത്. നിലവില്‍ എസ്‌യുവി വാഹനങ്ങളോട് ഉപഭോക്താക്കള്‍ക്കുള്ള ഇഷ്ടം കൂടിവരികയാണ്. ഹാച്ച്ബാക്ക് വിപണിയെ എസയുവി വിപണി ഇതിനോടകം മറികടന്നിട്ടുണ്ട്.
പുതിയ വാഹനം വാങ്ങുന്നത് മാത്രമല്ല, എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്കും മികച്ച സമയമാണ്. ജിഎസ്ടി പരിഷ്‌ക്കരണത്തിലൂടെ രണ്ടാമതൊരു വണ്ടി വാങ്ങുക എന്നൊരു മാറ്റത്തിലേക്കും ഉപഭോക്താക്കള്‍ നീങ്ങുന്നുണ്ട്. ജിഎസ്ടി പരിഷ്‌ക്കരണത്തിലൂടെ കലണ്ടര്‍ വര്‍ഷം നാലാം പാദത്തില്‍ കേരളത്തിന്റെ വിപണിവിഹിതവും വില്‍പ്പനയും ഉയര്‍ത്തുമെന്ന് നിപ്പോണ്‍ ടയോട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എല്‍ദോ ബെഞ്ചമിന്‍ പറഞ്ഞു.
വിലക്കുറവ് ഇങ്ങനെ
ഹൈറൈഡര്‍ 42,000 രൂപ വരെ, ഗ്ലാന്‍സ 85,300 രൂപ വരെ, ഫോര്‍ച്യൂണര്‍ 3.49 ലക്ഷം രൂപ വരെ, ഹൈലെക്‌സ് 2.52 ലക്ഷം രൂപ വരെ, വെല്‍ഫയര്‍ 2.78 ലക്ഷം രൂപ വരെ, കാംറി 1.01 ലക്ഷം രൂപ വരെ, ഇന്നോവ ക്രിസ്റ്റ 1.8 ലക്ഷം രൂപ വരെ, ഇന്നോവ ഹൈക്രോസ് (പെട്രോള്‍) 1.15 ലക്ഷം രൂപ വരെ.
ഏറ്റവും വലിയ വിലക്കുറവ്
നിസ്സാന്‍ വാഹനങ്ങളുടെ വില കുറവ് മോഡല്‍ അനുസരിച്ച് ഒരുലക്ഷം രൂപയ്ക്കുമുകളില്‍ വരെയെത്തി. അഞ്ചുലക്ഷം രൂപയ്ക്ക് താഴെയാണ് മാഗ്‌നെറ്റിന്റെ പ്രാരംഭവില. അതായത്, മോഡല്‍ ലോഞ്ച് ചെയ്തതിന്റെ പ്രാരംഭ വിലയേക്കാള്‍ കുറവാണ് ജിഎസ്ടി പരിഷ്‌കരണത്തിലൂടെ വിലയില്‍വന്ന മാറ്റം. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച നേട്ടമാണ് ഇപ്പോള്‍ വാഹനം സ്വന്തമാക്കുമ്പോള്‍ ലഭിക്കുക. വില കുറഞ്ഞതോടെ ആദ്യമായി വാഹനം വാങ്ങുന്നവരില്‍ എസ്‌യുവി തിരഞ്ഞടുക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് നിസ്സാന്‍ ഏരിയ സെയില്‍സ് മാനേജര്‍ പ്രജിത്ത് മോഹന്‍ പറഞ്ഞു.
താരം മാരുതിതന്നെ
ജിഎസ്ടി വിലക്കുറവിന്റെ പൂര്‍ണനേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് മാരുതി സുസുക്കി. വാഹനങ്ങളുടെ വില കുറഞ്ഞതോടെ ഉപഭോക്താക്കള്‍ക്ക് റോഡ് നികുതിയടക്കം കുറവ് ലഭിക്കും. വാഹനങ്ങളുടെ മോഡലുകള്‍ അനുസരിച്ച് 1.29 ലക്ഷം രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക. ഓള്‍ട്ടോ, എസ്-പ്രസോ, വാഗണ്‍ ആര്‍, സെലേറിയോ എന്നീ മോഡലുകളുടെ പ്രാരംഭ വില അഞ്ചുലക്ഷം രൂപയ്ക്ക് താഴെ എത്തിയത് ഈ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം അതേസമയം 4500 ബുക്കിങ് ലഭിച്ചിടത്ത് ഇത്തവണ ബുക്കിങ് ഇരട്ടിയിലേറെയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നേട്ടം ഇത്രവരെ
എസ്-പ്രസോ 1.29 ലക്ഷം രൂപ, ഓള്‍ട്ടോ കെ 10 1.07 ലക്ഷം രൂപ, സെലേറിയോ 94,100 രൂപ, വാഗണ്‍ ആര്‍ 79,600 രൂപ, ഇഗ്‌നിസ് 71,800 രൂപ, സ്വിഫ്റ്റ് 84,600 രൂപ, ബെലേനോ 86,100 രൂപ, ഡിസയര്‍ 87,700 രൂപ, ഫ്രോങ്‌സ് 1.12 ലക്ഷം രൂപ, ബ്രെസ 1.12 ലക്ഷം രൂപ, എര്‍ട്ടിഗ 46,400 രൂപ, ഈക്കോ 68,000 രൂപ.
വിപണിയില്‍ വില്‍പ്പനക്കാലം
ഓണവിപണി കഴിഞ്ഞാല്‍ കേരളത്തില്‍ ഡിസംബറിലാണ് വാഹനവില്‍പ്പന കൂടുതലായി വരുന്നത്. എന്നാല്‍, ജിഎസ്ടി ആനുകൂല്യം എത്തിയതോടെ വാഹന ഡിമാന്‍ഡ് ടോപ്പിലെത്തി. ചെറിയ വണ്ടിയില്‍നിന്ന് എസ്‌യുവി വാഹനം എന്ന സ്വപ്നത്തിലേക്ക് ഉപഭോക്താക്കള്‍ പെട്ടെന്ന് മാറിത്തുടങ്ങി. ജിഎസ്ടി പരിഷ്‌കരണം മൂലം മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില നന്നായി കുറഞ്ഞിട്ടുണ്ട്. മോഡലുകള്‍ അനുസരിച്ച് രണ്ടുലക്ഷം രൂപ വരെയുള്ള നേട്ടമാണ് ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര നല്‍കുന്നത്. ചെറിയവണ്ടി വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ വലിയ വണ്ടിയിലേക്ക് മാറിത്തുടങ്ങി. മുന്‍പ് 10 ലക്ഷം രൂപയ്ക്ക് താഴെ വണ്ടികള്‍ കുറവായിരുന്നു. എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി ഒരുക്കുന്നുണ്ട്.
നേട്ടം ഇത്ര വരെ
ബൊലേറോ നിയോ 1.27 ലക്ഷം രൂപ, ഥാര്‍ ടൂ വീല്‍ ഡ്രൈവ് 1.35 ലക്ഷം രൂപ, ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് 1.01 ലക്ഷം രൂപ, സ്‌കോര്‍പിയോ ക്ലാസിക് 1.01 ലക്ഷം രൂപ, സ്‌കോര്‍പിയോ എന്‍ 1.45 ലക്ഷം രൂപ, ഥാര്‍ റോക്‌സ് 1.33 ലക്ഷം രൂപ, എക്‌സ്യുവി 700- 1.43 ലക്ഷം രൂപ.
Content Highlights: Significant GST reduction fuels car sales in Kerala. Dealers see boom as prices drop, driving demand for SUVs over hatchbacks. Offers up to ₹3.49 lakh.
Published: 17 Oct 2025, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented