സ്വന്തം വാഹനശേഖരത്തിലേക്ക് ഏറ്റവും മികച്ച വാഹനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ക്ലാസിക് കാറുകള്‍ മുതല്‍ ഫെരാരിയുടെ സ്‌പോര്‍ട്‌സ് കാര്‍ വരെയുള്ള ദുല്‍ഖറിന്റെ വാഹനശേഖരത്തിലേക്ക് തലയെടുപ്പുള്ള പുതിയൊരു എസ്‌യുവി കൂടി എത്തിയിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന പുതിയ വാഹനം. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കേരളത്തിലെ ആദ്യ ഉടമകളില്‍ ഒരാള്‍ മമ്മൂട്ടി ആയിരുന്നു.

To advertise here,

4x4 സംവിധാനം അടിസ്ഥാന ഫീച്ചറായി ഒരുക്കിയിട്ടുള്ള മോഡലാണ് ഡിഫന്‍ഡര്‍ ഒക്ട. 2.60 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനത്തിന്റെ പെട്രാ കോപ്പര്‍ നിറത്തിലുള്ള പതിപ്പാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പിന്റെ കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരത്തിലുള്ള വാഹനം കൈമാറിയിരിക്കുന്നത്. ഡിഫന്‍ഡര്‍ വാഹന നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഒക്ട.

ഡിഫന്‍ഡര്‍ 90, 110 മോഡലുകളില്‍ നിന്ന് മെക്കാനിക്കലായും വേറിട്ട വാഹനമാണ് ഒക്ട. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. പവറും 800 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. നാല് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ എസ്.യു.വിക്ക് മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

റെഗുലര്‍ ഡിഫന്‍ഡര്‍ മോഡലുകളെ അപേക്ഷിച്ച് ഉയര്‍ന്ന ഡ്രൈവിങ്ങ് പൊസിഷനാണ് ഒക്ടയില്‍ നല്‍കിയിട്ടുള്ളത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ഏറ്റവും ഉയര്‍ന്ന വാട്ടര്‍ വേഡിങ്ങ് കപ്പാസിറ്റി, 40 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 42 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, 29 ഡിഗ്രി ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിങ്ങനെ നല്‍കിയാണ് ഈ വാഹനത്തിന്റെ ഓഫ് റോഡ് ശേഷി ഉയര്‍ത്തിയിരിക്കുന്നത്. ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ബേസ്പോക്ക് 20 ഇഞ്ച് റിമ്മും ഓള്‍ ടെറൈന്‍ ടയറുകളുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

ഏറ്റവും സ്‌റ്റൈലിഷായ ഓഫ് റോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഒക്ട. പുതുമയുള്ള ഗ്രില്ല്, വീല്‍ ആര്‍ച്ച്, ഫോര്‍ എക്സിറ്റ് ആക്ടീവ് എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ എക്സ്റ്റീരിയറില്‍ പുതുമയാകുമ്പോള്‍ 11.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബേണ്‍ഡ് സിയന്ന സെമി-അനിലിന്‍ ലെതര്‍, കാക്കി ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി, സെന്റര്‍ കണ്‍സോള്‍ ഫ്രിഡ്ജ്, പുതിയ പെര്‍ഫോമന്‍സ് സീറ്റുകള്‍ എന്നിവ ഇന്റീരിയറിന് പുതുമയേകും.