ചൈനീസ് ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ബി.വൈ.ഡി.യുടെ പുത്തന്‍ മോഡലായ 'സീലിയോണ്‍ 7' തിങ്കളാഴ്ച വിപണിയിലെത്തും. കഴിഞ്ഞമാസം ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച മോഡലാണ് ബി.വൈ.ഡി. വിപണിയിലെത്തിക്കുന്നത്. ഫെബ്രുവരി 17-ന് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതോടെ വാഹനത്തിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവരും. 

To advertise here,

പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബി.വൈ.ഡി. സീലിയോണ്‍ 7 ഇന്ത്യന്‍ വിപണിയിലെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 'സീലിയോണ്‍ 7' വിവിധ ബാറ്ററി പാക്കുകളില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 82.56 KWh ശേഷിയുള്ള ബാറ്ററി പാക്കാണ് രണ്ട് വേരിയന്റുകളിലുമുള്ളത്. ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് വേരിയന്റ് ഓള്‍വീല്‍ ഡ്രൈവാണ്. ഇതിലെ മോട്ടോര്‍ 523 ബി.എച്ച്.പി. കരുത്തും പരമാവധി 690 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. വെറും 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. റിയല്‍വീല്‍ ഡ്രൈവാണ് പ്രീമിയം വേരിയന്റിലുള്ളത്. ഇതിലെ മോട്ടോര്‍ 308 ബി.എച്ച്.പി. കരുത്തും 380 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. 

നാലുനിറങ്ങളിലായിരിക്കും സീലിയോണ്‍ 7 വിപണിയിലെത്തുന്നത്. വാഹനത്തിന്റെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബി.വൈ.ഡി. അവതരിപ്പിക്കുന്ന നാലാമത്തെ ഇലക്ട്രിക് കാറാകും സീലിയോണ്‍ 7.