ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകാനൊരുങ്ങുന്ന ബി.വൈ.ഡി. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്തിക്കുന്നു. സീല്‍, ആറ്റോ-3, ഇ മാക്‌സ്-7 എന്നീ മോഡലുകള്‍ക്കൊപ്പം സീലിയോണ്‍ 7 എന്ന പുതിയ വാഹനം കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയാണ് ഈ ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബി.വൈ.ഡി. സീലിയോണ്‍ 7 ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തി.

To advertise here,

മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ള സീലിയോണ്‍ 7-ന്റെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചു. 70,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് സീലിയോണ്‍ 7-ന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഫെബ്രുവരി ഏഴിന് മുമ്പ് ഈ വാഹനം ബുക്കുചെയ്യുന്നവര്‍ക്ക് 70,000 രൂപയുടെ ആനുകൂല്യങ്ങളും ഏഴ് വര്‍ഷം വാറണ്ടിയും ഏഴ് കിലോവാട്ട് ചാര്‍ജറും ഓഫറായി നല്‍കുന്നുണ്ട്. ആദ്യ 70 യൂണിറ്റുകള്‍ മാര്‍ച്ച് ഏഴിന് ഉപയോക്താക്കള്‍ക്ക് കൈമാറും.

കൂപ്പെ എസ്.യു.വി. ബോഡിലൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സീലിയോണ്‍ 7. ഓഷ്യല്‍ എക്‌സ് ഡിസൈന്‍ ഫിലോസഫിയില്‍ എക്‌സ് തീമിലാണ് സീലിയോണ്‍ 7 അലങ്കരിച്ചിരിക്കുന്നത്. ഡിസൈനില്‍ സീല്‍ സെഡാനുമായി ചേര്‍ന്നുനില്‍ക്കുന്ന മോഡലാണ് സീലിയോണ്‍ 7. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, കണക്ടഡ് ടെയ്ല്‍ലാമ്പ്, സ്‌പോര്‍ട്‌സ് കാറുകളുടേതിന് സമാനമായ ബമ്പറുകള്‍ തുടങ്ങിയവ സീലില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

4.8 മീറ്റര്‍ നീളമുള്ള സീലിയോണ്‍ എസ്.യു.വിക്ക് 2930 എം.എമ്മിന്റെ ഉയര്‍ന്ന വീല്‍ബേസും നല്‍കിയിട്ടുണ്ട്. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നീ നാല് നിറങ്ങളിലായിരിക്കും സീലിയോണ്‍ 7 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏഴ് എയര്‍ബാഗിനൊപ്പം അഡാസ് സ്യൂട്ടുമാണ് ഇതില്‍ സുരക്ഷയൊരുക്കുന്നത്. 58 ലിറ്റര്‍ ഫ്രങ്ക് സ്റ്റോറേജും 520 ലിറ്ററിന്റെ സ്റ്റാന്റേഡ് ബൂട്ട് സ്‌പേസുമാണ് സീലിയോണ്‍ 7-ല്‍ നല്‍കിയിട്ടുള്ളത്. 

ഇന്റീരിയറിലെ ഫീച്ചറും ബി.വൈ.ഡിയുടെ മറ്റ് മോഡലുകളുമായി പങ്കിട്ടാണ് സീലിയോണ്‍ എത്തുന്നത്. 15.6 ഇഞ്ച് വലിപ്പമുള്ള റോട്ടേറ്റിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തില്‍ പ്രധാനം. വാഹനത്തിലെ ഭൂരിഭാഗം ഫീച്ചറുകളും ഈ സ്‌ക്രീനിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുക. ഫ്‌ളോട്ടിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്ടഡ് കാര്‍ ടെക്‌നോളജി, വെഹിക്കിള്‍ ടു ലോഡ് സംവിധാനം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. 

പ്രീമിയം, പെര്‍ഫോമെന്‍സ് എന്നീ രണ്ട് വേരിയന്റുകളിലാണ് സീലിയോണ്‍ 7 എത്തുന്നത്. 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് ആണ് ഇരുമോഡലിലും. ലിഥിയം ഫോസ്ഫറേറ്റ് ബ്ലേഡ് ബാറ്ററിയാണ് (എല്‍.എഫ്.പി. ബ്ലേഡ് ബാറ്ററി) നല്‍കിയിട്ടുള്ളത്. പ്രീമിയം വേരിയന്റ് റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ്. 313 എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. 530 എച്ച്.പി. പവറും 690 എന്‍.എം.ടോര്‍ക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. 

സീലിയോണ്‍ 7-ന്റെ പ്രീമിയം മോഡല്‍ 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം, പെര്‍ഫോമെന്‍സ് പതിപ്പിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ട സമയം 4.5 സെക്കന്റാണ്. പ്രീമിയം വേരിയന്റിന് ഒറ്റച്ചാര്‍ജില്‍ 567 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നതെങ്കില്‍ പെര്‍ഫോമെന്‍സ് വേരിയന്റില്‍ ഇത് 542 കിലോമീറ്ററാണ്. കിയയുടെ ഇലക്ട്രിക് മോഡലായ ഇ.വി.6 ആയിരിക്കും സീലിയോണ്‍ 7-ന്റെ പ്രധാന എതിരാളി.