ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ Q7-ന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ പുറത്തിറക്കി. 2015-ൽ വിപണിയിലെത്തിയ രണ്ടാം തലമുറ മോഡലിന്റെ രണ്ടാമത്തെ ഫെയ്സ് ലിഫ്റ്റാണിത്. ദിവസങ്ങൾക്കു മുൻപ് തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 

To advertise here,

 

കോസ്മെറ്റിക് മാറ്റങ്ങളാണ് പ്രധാനമായും മുഖംമിനുക്കലിൽ സംഭവിച്ചിരിക്കുന്നത്. പുതിയ ഒ.എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ, കട്ടിയുള്ള ക്രോമിയം ഫിനിഷിങ്ങോടെയുള്ള പുതിയ ​ഗ്രില്ല്, Q8-ന് സമാനമായ ബമ്പർ എന്നിവയാണ്  ഫെയ്സ് ലിഫ്റ്റ് മോഡലിന്റെ പ്രധാന പ്രത്യേകത. 

 

ബ്രൗൺ, ബീജ് നിറങ്ങളിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. ഡാഷ് ബോർഡിന്റെ രൂപകൽപന മുൻ മോഡലിന് സമാനമാണ്. ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇൻസ്റ്റ്രുമെന്റ് ക്ലസ്റ്റർ എന്നിവയിൽ അപ്ഡേറ്റുകൾ കൊണ്ടുവന്നു. ലൈന്‍ ചേയ്ഞ്ച് വാർണിങ് സംവിധാനത്തോടുകൂടിയ വിർച്ച്വൽ കോക്പിറ്റ്, വയേർഡ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മാറ്റങ്ങൾ. ബാക്കിയെല്ലാം മുൻ മോഡലിന് സമാനം. 

 

മൂന്നു ലിറ്റര്‍ ട്വിൻ ടർബോ വി6 പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 340 എച്ച്.പി കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8സ്പീഡ് ഓട്ടോമാറ്റിക് ​ഗിയർബോക്സാണുള്ളത്. സ്റ്റാൻഡേർഡായി ഓൾ വീൽ ഡ്രൈവ് സംവിധാനവും നൽകിയിട്ടുണ്ട്. പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേ​ഗം കൈവരിക്കാൻ വേണ്ടതോ വെറും 5.9 സെക്കന്‍ഡ് മാത്രം. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേ​ഗത. 

 

ബ്ലാക്ക്, വൈറ്റ്, ബ്ലൂ, ​ഗോൾഡ്, ​ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും. 88.66 ലക്ഷം രൂപയാണ് വില (എക്സ് ഷോറൂം). ഉയർന്ന വകഭേദമായ Q7 ടെക്നോളജി വേരിയന്റിന്റെ വില 97.81 ലക്ഷമാണ്. ബിഎംഡബ്ല്യൂ എക്സ് 5, മേഴ്സിഡസ് ജി.എൽ.ഇ, വോൾവോ എക്സ്.സി 90 എന്നിവയാണ് പ്രധാന എതിരാളികൾ.