ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി മൂന്നാം തലമുറ ഔഡി ക്യു3 എസ്‌യുവി 2026 ഒക്ടോബർ 16-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നാല് വർഷമായി ഇന്ത്യൻ വിപണിയിലുള്ള രണ്ടാം തലമുറ മോഡലിന് പകരക്കാരനായാണ് ഈ പുത്തൻ എസ്‌യുവി എത്തുന്നത്. ഇന്ത്യയിൽത്തന്നെ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഈ വാഹനത്തിന്റെ ബുക്കിങ് ഈ മാസം ആദ്യംമുതൽ ആരംഭിച്ചിരുന്നു. 2026 ഓഗസ്റ്റിലാണ് പുതിയ ക്യു3യുടെ ഇന്ത്യൻ പതിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്.

To advertise here,

പുതിയ ഔഡി ക്യു3യിൽ 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ കൃത്യമായ പവർ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് 204hp കരുത്തും 320Nm ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7-സ്പീഡ് ഡിസിടി ഗിയർബോക്‌സും ഔഡിയുടെ പ്രശസ്തമായ ക്വാട്രോ എഡബ്ല്യുഡി സംവിധാനവും ക്യു3 ശ്രേണിയിൽ മുഴുവൻ സ്റ്റാൻഡേർഡായി ലഭിക്കാൻ സാധ്യതയുണ്ട്.

ആകർഷകമായ എക്സ്റ്റീരിയർ ഡിസൈനാണ് പുതിയ ക്യു3ക്ക് നൽകിയിട്ടുള്ളത്. കോൺഫിഗർ ചെയ്യാവുന്ന ഡിആർഎല്ലുകളോടു കൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ ഇതിന്റെ പ്രത്യേകതയാണ്. വശങ്ങളിൽ ബോഡി-കളർ ക്ലാഡിങ്, ക്രോം ബെൽറ്റ്‌ലൈൻ, 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, വശങ്ങളിലെ ജനലുകൾക്കും പിൻ വിൻഡ്‌സ്‌ക്രീനിനും കുറുകെ ബ്ലാക്ക് ട്രിം എന്നിവയുണ്ട്. പിൻഭാഗത്ത് സ്പ്ലിറ്റ് ടെയിൽ-ലാമ്പ് ഡിസൈൻ, ഇലുമിനേറ്റഡ് ഔഡി ലോഗോ, സ്‌പോയിലർ എന്നിവ നൽകിയിരിക്കുന്നു.

ഉള്ളിലേക്ക് കടന്നാൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും ഇൻഫോടൈൻമെന്റിനുമായി ഡ്യുവൽ-സ്‌ക്രീൻ സെറ്റപ്പാണ് ക്യാബിനിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഫോർ-സ്‌പോക്ക് സ്റ്റിയറിങ് വീൽ, സ്റ്റിയറിങ് കോളത്തിൽ ഘടിപ്പിച്ച ഗിയർ ലിവർ എന്നിവയും ലഭിക്കും. സോണോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ മികച്ച ആധുനിക സവിശേഷതകളും ഇതിലുണ്ട്.

ഇന്ത്യയിൽ നിലവിലുള്ള ഔഡി ക്യു3 മോഡലിന് 43.67 ലക്ഷം രൂപമുതൽ 53 ലക്ഷം രൂപവരെയാണ് എക്സ്-ഷോറൂം വില. എന്നാൽ പുത്തൻ തലമുറ മോഡലിന് ഏകദേശം 55 ലക്ഷം രൂപമുതൽ 60 ലക്ഷം രൂപവരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയിൽ ബിഎംഡബ്ല്യു എക്സ്1, മെഴ്‌സിഡസ് ബെൻസ് ജിഎൽഎ, മിനി കൺട്രിമാൻ സി എന്നിവയായിരിക്കും പുതിയ ഔഡി ക്യു3യുടെ പ്രധാന എതിരാളികൾ.