ലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വാഹനങ്ങളുടെ ശേഖരത്തിന് ഉടമയാണ് ഫഹദ് ഫാസില്‍. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ഏറ്റവും മികച്ച വാഹനങ്ങള്‍ അരങ്ങ് വാഴുന്ന ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് മിനിയുടെ കണ്‍ട്രിമാന്‍ ജെ.സി.ഡബ്ല്യു ഇന്‍സ്പയേഡ് എഡിഷനും എത്തിയിരിക്കുകയാണ്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇ.വി.എം. മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്‍ട്രിമാന്‍ മോഡലിന്റെ സ്ഥാനം. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമെന്ന വിശേഷണവും കണ്‍ട്രിമാനിനാണ്. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 42 ലക്ഷം രൂപയും 46 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

മിനിയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് കണ്‍ട്രിമാന്റെയും മുഖഭാവം. ചുവപ്പ് അക്ഷരത്തില്‍ എസ്. ബാഡ്ജിങ്ങും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

ട്വിന്‍ പവര്‍ ടെക്നോളജിയില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡബിള്‍ ക്ലെച്ച് സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത.

മലയാള സിനിമ മേഖയിലുള്ളവരുടെ ഇഷ്ട വാഹനബ്രാന്റുകളിലൊന്നാണ് മിനി. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍, നടി നവ്യ നായര്‍ തുടങ്ങിയവര്‍ അടുത്തിടെ മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ നടന്മാരുടെ ഗ്യാരേജില്‍ മിനി കൂപ്പറും സ്ഥാനം പിടിച്ചിട്ടുണ്ട്. മിനി കൂപ്പര്‍ ഇലക്ട്രിക് പതിപ്പ് അടുത്തിടെ മഞ്ജു വാര്യരും സ്വന്തമാക്കിയിരുന്നു. മിനിയുടെ ക്ലബ്മാന്‍ മോഡലാണ് ജയസൂര്യയ്ക്കുള്ളത്.