ന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്കുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ എത്തുന്നത്. പുതിയ ടിയാഗോയുടെ എക്‌സ്റ്റീരിയർ കണ്ട് ഞെട്ടിയ ആളുകളെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഉറപ്പിച്ച് മറ്റൊരു ടീസർ കൂടി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. വാഹനത്തിന്റെ ഇന്റീരിയർ ലേഔട്ട്, ഫീച്ചറുകൾ എന്നിവയാണ് പുതിയ ടീസറിൽ ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.

To advertise here,

എല്ലാ എതിരാളികളെക്കാളും ഒരുപടി മുന്നിലാണ് ടിയാഗോയുടെ അകത്തളമെന്ന് നിസംശയം പറയാം. ഇരട്ട നിറത്തിൽ പ്രീമിയം ഭാവത്തോടെയാണ് ഡാഷ്‌ബോർഡ് ഒരുങ്ങിയിക്കുന്നത്. ഒറ്റനോട്ടത്തിൽ ടാറ്റയുടെ പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് ക്യാബിനുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലും ടാറ്റയുടെ എസ്‌യുവികളുമായി ചേർത്ത് നിർത്താൻ സാധിക്കുന്ന മോഡലാണ് 2026 ടിയാഗോ ഹാച്ച്ബാക്ക്.

ഡാഷ്‌ബോർഡിന്റെ ഒത്ത നടുവിലായി തല ഉയർത്തി നിൽക്കുന്ന ഫ്‌ളോട്ടിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ഏറ്റവും വലിയ ആകർഷണം. അവിടം കൊണ്ട് തീർന്നില്ല, ഡ്രൈവർ സൈഡിലേക്ക് നോക്കിയാൽ അവിടെയും നിൽക്കുന്നുണ്ട് ഇതുപോലെ ഒരു സ്‌ക്രീൻ. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്കുള്ള മാറ്റമാണ് അവിടെ. ടാറ്റ മറ്റ് വാഹനങ്ങളിൽ നൽകിയിട്ടുള്ള ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോ ഉൾപ്പെടെ നൽകിയിട്ടുള്ള മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീലാണ് ഇതിലും നൽകിയിരിക്കുന്നത്.

ഫീച്ചറുകളുടെ നിര ഇവിടെ അവസാനിക്കുന്നില്ല. സെന്റർ കൺസോൾ പൂർണമായും മാറി. നെക്‌സോണിൽ ഉൾപ്പെടെ നൽകിയിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ പാനലാണ് ഇതിലും നൽകിയിരിക്കുന്നത്. രണ്ട് ഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കുന്ന വയർലെസ് ചാർജിങ് പാഡ്, ഡിസൈൻ മാറ്റം വരുത്തിയിട്ടുള്ള ഡോർ പാഡുകൾ, ഇരട്ട നിറത്തിൽ തീർത്തിരിക്കുന്ന ഫാബ്രിക് ലെതർ സീറ്റുകൾ, റിയർ എസി വെന്റ്, പിൻനിരയിലെ യുഎസ്ബി ചാർജിങ് എന്നിങ്ങനെ വേറേയുമുണ്ട് ഫീച്ചറുകൾ.

പുതിയ ടിയാഗോയുടെ എക്‌സ്റ്റീരിയർ ഡിസൈൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.എൽഇഡി ഹെഡ്ലാമ്പ് ഐബ്രോ ഷേപ്പിലുള്ള ഡിആർഎൽ, അൾട്രോസിൽ നൽകിയിരിക്കുന്നതിന് സമാനമായ ബ്ലാക്ക് ഗ്രില്ല്, രൂപമാറ്റം സംഭവിച്ചിട്ടുള്ള ബമ്പർ, പിക്സൽ ഷേപ്പിൽ തീർത്തിയിരിക്കുന്ന ഫോഗ്ലാമ്പ് എന്നിവയാണ് റെഗുലർ ടിയാഗോയുടെ മുഖഭാവത്തിലെ പുതുമകൾ. ഇവിയുടെ ഗ്രിൽ ഭാഗത്ത് മാത്രമാണ് മാറ്റമുള്ളത്.

മാറ്റങ്ങൾ മുന്നിൽ മാത്രം ഒതുങ്ങുന്നില്ല. അലോയി വീലിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. റിയർവ്യൂ മിറർ, ഫൈബർ വീൽ ആർച്ച്, പില്ലറുകൾ എന്നിവിടങ്ങളിലാണ് വശങ്ങളിലെ മറ്റ് പുതുമകൾ. പിൻഭാഗത്തെ ഡിസൈൻ പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ടെയ്ൽലാമ്പ്, എൽഇഡി ലൈറ്റുകളും സ്ട്രിപ്പുമെല്ലാം ഇതിൽ കാണാം. പിന്നിലെ ബമ്പറും മാറിയിരിക്കുന്നു. ഷാർക്ക് ഫിൻ ആന്റിന, സെൻസറുകൾ എന്നിവയും ഇതിലുണ്ട്.

ലുക്കിലും ഫീച്ചറുകളിലുമെല്ലാം വലിയ മാറ്റങ്ങൾ വരുത്തുമ്പോഴും മെക്കാനിക്കലായുള്ള മാറ്റത്തിന് ടാറ്റ മോട്ടോഴ്സ് മുതിർന്നിട്ടില്ലെന്നാണ് വിവരം. നിലവിലെ മോഡലിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും പുതിയ ടിയാഗോയുടെ ഹൃദയം. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. പുതിയ പതിപ്പിലും സിഎൻജി ഉൾപ്പെടുത്തുന്നുണ്ട്. 75.5 എച്ച്പി പവറും 96.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡലിന്റെ കരുത്ത്.