സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സെഡാൻ മോഡലായ S90യുടെ പുത്തൻ പതിപ്പ് അവതരിപ്പിച്ചു. പരിഷ്കരിച്ച എക്സ്റ്റീരിയർ ഡിസൈൻ, പുതിയ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റിൽ മെച്ചപ്പെടുത്തിയ റേഞ്ച് എന്നിവയാണ് 2025 ഫെയ്സ് ലിഫ്റ്റ് മോഡലിന്റെ പ്രധാന മാറ്റങ്ങൾ. പുതിയ XC90 ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുമായി ഈ മാറ്റങ്ങൾക്ക് സാമ്യമുണ്ട്.
എക്സ്റ്റീരിയർ ഡിസൈൻ
ഗ്രില്ലിലേക്ക് എത്തുന്ന രീതിയിൽ വിപുലീകരിച്ച എൽഇഡി ഡേടൈം റണ്ണിങ്ങ് ലാമ്പ് ആണ് മുൻവശത്തെ പ്രധാന ആകർഷണം. ഇത് ഹെഡ്‌ലാമ്പുകൾക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. ഗ്രില്ലിൽ പുതിയ ഡയഗണൽ സ്ലാറ്റുകളുമുണ്ട്. സിൽവർ ഗാർണിഷോടുകൂടിയ പുതിയ എയർ കർട്ടനുകൾ ബമ്പറിന് കൂടുതൽ ലുക്ക് സമ്മാനിക്കുന്നുണ്ട്. അലോയ് വീലുകൾക്ക് പുതിയ ഡിസൈനും നൽകി.
C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾക്ക് പകരം, ഡിആർഎല്ലുകൾക്ക് സമാനമായ ഡിസൈൻ രീതിയാണ് നൽകിയിരിക്കുന്നത്. നമ്പർ പ്ലേറ്റിന്റെ സ്ഥാനം ബമ്പറിൽനിന്ന് ബൂട്ട് ലിഡിലേക്ക് മാറ്റിയിട്ടുമുണ്ട്. പുതിയ ഓൾ-ഇലക്ട്രിക് ES90-ക്ക് സമാനമാണ് ഈ ഡിസൈൻ പരിഷ്കാരങ്ങൾ. എല്ലാ വേരിയന്റുകളിലും അഡാപ്റ്റീവ് സസ്പെൻഷൻ സ്റ്റാൻഡേർഡ് ആക്കിയിട്ടുമുണ്ട്.
ഇന്റീരിയർ മാറ്റങ്ങൾ
കൂടുതൽ മികച്ച സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെയാണ് ഇൻഫൊടെയിൻമെന്റ് സിസ്റ്റം സജ്ജമാക്കിയിരിക്കുന്നത്. പുതിയ സോഫ്റ്റ്‌വെയറാണ് നൽകിയിരിക്കുന്നത്. ഓവർ-ദി-എയർ അപ്‌ഡേറ്റ് ചെയ്യാൻ ഇപ്പോൾ സാധിക്കും. മുൻപുണ്ടായിരുന്ന 9.0 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് പകരം ഇപ്പോൾ 11.2 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനാണുള്ളത്.
എൻജിൻ
2.0 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 2.0 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും ഉണ്ട്. പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ പൂർണ്ണ ഇലക്ട്രിക് റേഞ്ച് 74 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായി വർധിപ്പിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, പുത്തൻ S90യുടെ കൃത്യമായ സാങ്കേതിക സവിശേഷതകൾ വോൾവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ S90 ഈ വർഷം പകുതിയോടെ ചൈനയിലായിരിക്കും ആദ്യം വിൽപ്പനയ്‌ക്കെത്തുക. ഇതിനുശേഷമായിരിക്കും മറ്റ് വിപണികളിൽ വാഹനം എത്തുക. കുറഞ്ഞ വിൽപന കാരണം ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ S90 നിർത്തലാക്കിയിരുന്നു. എങ്കിലും, 2025 മോഡൽ രാജ്യത്ത് ലഭ്യമാക്കുമോ എന്ന് കാത്തിരുന്നുതന്നെ കാണണം. നിലവിൽ ഇന്ത്യയിൽ വിൽപനയിലുള്ള വോൾവോയുടെ ഏക സെഡാൻ S60 ആണ്.
Content Highlights: 2025 Volvo S90 facelift revealed
Published: 18 Apr 2025, 10:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented