ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ മോഡലായ ജാഗ്വാര്‍ എഫ്-പേസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന ഈ വാഹനത്തിന് 69.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 

2016-ലാണ് ജാഗ്വറിന്റെ ഈ ആഡംബര ക്രോസ് ഓവര്‍ വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ആദ്യ ഘട്ടത്തില്‍ വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ഈ വാഹനം 2018-ല്‍ പ്രദേശികമായി നിര്‍മാണം ആരംഭിച്ചിരുന്നു. ഇപ്പോഴെത്തിയ പുതിയ മോഡല്‍ പൂര്‍ണമായും ഇന്ത്യയില്‍ ഒരുങ്ങിയതാണ്. ആര്‍-ഡൈനാമിക് എസ് എന്ന ഒറ്റ വേരിയന്റിലാണ് ഈ വാഹനം എത്തുന്നത്. 

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടറാണ് രണ്ട് എന്‍ജിനുകളും. പെട്രോള്‍ എന്‍ജിന്‍ 244 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 198 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

ലുക്കിലെ പുതുമയാണ് 2021 മോഡല്‍ എഫ്-പേസിന്റെ ഹൈലൈറ്റ്. നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ജെ-ബ്ലേഡ് ഡി.ആര്‍.എല്‍, ക്രോമിയം ക്യാരക്ടര്‍ ലൈനുകള്‍ നല്‍കിയും സ്റ്റഡുകള്‍ പതിച്ചിട്ടുള്ളതുമായ ഗ്രില്ലും മുഖഭാവത്തെ ആഡംബരമാക്കുന്നു. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ടെയില്‍ ലാമ്പും ഡിഫ്യൂസര്‍ നല്‍കിയിട്ടുള്ള ബമ്പറുമാണ് പിന്‍വശത്തെ ആകര്‍ഷണം.  

ആഡംബര ഭാവത്തിനൊപ്പം കണക്ടിവിറ്റി ഫീച്ചറുകളും നല്‍കിയാണ് അകത്തളം അലങ്കരിച്ചിട്ടുള്ളത്. 11.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. സോഫ്റ്റ് ലെതറില്‍ സ്റ്റൈലിഷായ സ്റ്റിച്ചിങ്ങും അലുമിനിയം ആക്‌സെന്റുകളും നല്‍കിയാണ് ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

Content Highlights: 2021 Jaguar F-Pace Launched In India